ഫൈസർ വാക്സിൻ എല്ലാ അമേരിക്കക്കാർക്കും സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ) കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഫൈസർ വാക്സിൻ അമേരിക്കകാർക്ക് സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവുമായി ട്രംപ് രംഗത്തു വന്നത്.
24 മണിക്കൂറിനുള്ളിൽ വാക്സിനേഷൻ ആരംഭിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇതിനായി രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലേക്ക് വാക്സിനെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ. അമേരിക്കൻ കമ്പനിയായ ഫൈസർ, ജർമൻ ഔഷധ കമ്പനിയായ ബയോടെകുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടത്തിൽ വയോധികർക്കും ആരോഗ്യ പ്രവർത്തകർക്കുമായിരിക്കും മുൻഗണനയെന്ന് ട്രംപ് വ്യക്തമാക്കി.
നേരത്തെ ബ്രിട്ടീഷ് സർക്കാരും ഫൈസറിന്റെ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. വാക്സിൻ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ചർച്ച പുരോഗമിക്കുകയാണ്.











