സനാ: യെമനിലുണ്ടായ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഹൊദെയ്ദ തുറമുഖത്തിനടുത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മത്സ്യബന്ധനത്തൊഴിലാളികളേയും നാട്ടുകാരേയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ുകള്‍. ഹൊദൈയ്ദ തുറമുഖത്തിനടുത്ത് അല്‍ ഖൊഖയിലായിരുന്നു ആക്രമണം. വ്യോമാക്രമണത്തില്‍ രണ്ട് ബോട്ടുകള്‍ തകര്‍ന്നതായും വാര്‍ത്തകളുണ്ട്.
അൽ ഹുദെയ്ദിലെ ആക്രമണത്തിനു പുറമേ തലസ്ഥാനമായ സനാമേഖലയിൽ ഇന്നലെ അറബ് സേന നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 45 യുഎഇ സൈനികരും 10 സൗദി സൈനികരും അഞ്ച് ബഹ്റൈൻ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് അറബ് സേന ആക്രമണം ശക്തമാക്കിയത്. ഇന്നലെ മാത്രം 20 തവണ അറബ് സേന വ്യോമാക്രമണം നടന്നതായി ഹൂതി വിമതർ അറിയിച്ചു.
ജനകീയപ്രക്ഷോഭത്തെത്തുടർന്ന് 2011ൽ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് യെമൻ സംഘർഷഭൂമിയാകുന്നത്. തുടർന്ന് അധികാരത്തിലെത്തിയ അബ്‌ദുറബ് മൻസൂർ ഹാദിക്കെതിരെ ഷിയാ വിഭാഗമായ ഹൂതികളുടെ നേതൃത്വത്തിൽ കലാപം തുടങ്ങുകയായിരുന്നു.
Discussion about this post