ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലായി ചൈനീസ് പ്രസിഡണ്ടിന് 20 ലക്ഷം ചാരന്മാരുണ്ടെന്ന് റിപ്പോർട്ടുകൾ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 20 ലക്ഷത്തോളം അംഗങ്ങൾ ലോകത്തിലെ വിവിധ കമ്പനികളിൽ നുഴഞ്ഞു കയറി ജോലി ചെയ്യുന്നുണ്ട്.
ഇവർ ചൈനീസ് സർക്കാരിന്റെ ചാരൻമാരായി പ്രവർത്തിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ലഭ്യമായ വിവരങ്ങളനുസരിച്ച് വിവിധ രാജ്യങ്ങളിലെ വൻ കമ്പനികൾ, ബാങ്കുകൾ, മീഡിയ ഗ്രൂപ്പുകൾ, സർവ്വകലാശാലകൾ, സർക്കാർ ഏജൻസികൾ എന്നിവയിൽ ചൈനീസ് സർക്കാരിന്റെ ചാരന്മാർ രഹസ്യമായി ജോലിചെയ്യുന്നുണ്ട്. ഇത്തരം റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. ഇപ്പോൾ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കമ്പനികളിൽ ചൈനീസ് ചാരന്മാർ ജോലിചെയ്തുവരികയാണ് എന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ഓസ്ട്രേലിയൻ മാധ്യമമാണ്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ രഹസ്യമായി നുഴഞ്ഞുകയറിയ കമ്പനികളിൽ ബോയിങ്, വോൾസ്‌വാഗൻ തുടങ്ങിയ നിർമാതാക്കളും ഫൈസർ, അസ്ട്രസെനക്ക തുടങ്ങിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളും എഎൻഇസഡ്, എച്ച്എസ്ബിസി തുടങ്ങിയ ബാങ്കുകളും ഉൾപ്പെടുന്നു. എന്നാൽ, ഇന്ത്യയിലെ ഏതെല്ലാം കമ്പനികളിൽ പാർട്ടി അംഗങ്ങൾ രഹസ്യമായി ജോലി ചെയ്യുന്നുണ്ടെന്ന കാര്യം വ്യക്തമല്ല.











