വാഷിംഗ്ടൺ: ചൈനയിലെ ഉയ്ഗുർ മുസ്ലിമുകൾക്ക് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. നാസികൾ ജൂതന്മാരോട് പെരുമാറുന്നത് പോലെയാണ് ഉയ്ഗുർ മുസ്ലിമുകളെ ചൈന കൈകാര്യം ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
റോബ് സ്മിറ്റുമായി നടത്തിയ വേക്ക് അപ്പ് അമേരിക്ക എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മൈക്ക് പോംപിയോ. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് ഉയ്ഗുർ മുസ്ലിമുകളെ ക്യാമ്പുകളിലൂടെ ചൈന ക്രൂരമായി പീഡിപ്പിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് സാഹചര്യത്തെ ഉയ്ഗുർ മുസ്ലിമുകളെ അടിച്ചമർത്താനുള്ള അവസരമായാണ് ചൈന ഉപയോഗിക്കുന്നതെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടു. മാത്രമല്ല മതസ്വാതന്ത്ര്യത്തിന് വേണ്ടി താൻ സ്വീകരിച്ച നടപടികളെക്കുറിച്ച് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പ് ചൈനയിൽ ഉയ്ഗുർ മുസ്ലിമുകളെക്കൊണ്ട് നിർബന്ധിതമായി പന്നിയിറച്ചി കഴിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഉയ്ഗുർ വംശജയായ ഡോ.സൈറാഗുൽ സൗട്ബെ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മൈക്ക് പോംപിയോയുടെ പ്രതികരണം. ഉയ്ഗുർ മുസ്ലീമുകൾക്കായി സർക്കാർ നടത്തുന്ന “പുനർ വിദ്യാഭ്യാസ” ക്യാമ്പുകളിലും ക്രൂരമായ പീഡനങ്ങളാണ് നടക്കുന്നത്.
Discussion about this post