കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ക്രമസമാധാന നില ഇറാനും ഇറാഖിനും സമാനമാണെന്ന് ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ബംഗാളില്‍ തൃണമൂല്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ബംഗാളില്‍ ക്രമസമാധാന നില ജമ്മു കശ്മിരിനേക്കാള് മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് തൃണമൂല്‍ സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്. ഹൈദരാബാദിലും അസമിലുമെല്ലാം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ക്രമസമാധാന നില അനുയോജ്യമല്ലെന്ന് മമത സര്‍ക്കാര്‍ തെളിയിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രചാരണത്തിന് അനുവദിച്ചില്ല. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ബൂത്തുകളില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ പരാജയപ്പെടും. കൊല്‍ക്കത്ത് മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മാത്രമല്ല എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ മമത ബാനര്‍ജിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post