കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. നേപ്പാൾ പാർലമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയോട് പ്രധാനമന്ത്രി കെ.പി ശർമ ഒലി ശുപാർശ ചെയ്തിരിക്കുകയാണ്.
അടിയന്തരമായി വിളിച്ചുചേർത്ത ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് പാർലമെന്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രി ശുപാർശ ചെയ്തത്. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അധികാര തർക്കം രൂക്ഷമായതിന് പിന്നാലെയാണ് ഒലിയുടെ തീരുമാനം. നേരത്തെ, ഒലിയുടെ രാജിയാവശ്യപ്പെട്ട് പാർട്ടി ചെയർമാൻ പുഷ്പകമൽ ദഹൽ രംഗത്തു വന്നിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ 2017-ലാണ് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ കയറിയത്.
പാർലമെന്റ് പിരിച്ചുവിടാനുള്ള ശുപാർശ കെ.പി ശർമ ഒലി നൽകിയത് രാഷ്ട്രപതി ഭവനിൽ നേരിട്ടെത്തിയാണ്. അതേസമയം, ഒലിയുടെ ഈ നടപടിക്കെതിരെ പാർട്ടിയിൽ വ്യാപക വിമർശനമുയരുന്നുണ്ട്. നടപടി ഭരണഘടനാവിരുദ്ധവും ഏകാധിപത്യപരവുമാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ മാധാവ് കുമാർ രംഗത്തു വന്നിരുന്നു. മാത്രമല്ല, ഭരണഘടനാ വ്യവസ്ഥയനുസരിച്ച് പാർലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്കില്ലെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Discussion about this post