ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. രാജ്യത്തെ പുതിയ കേസുകളുടേയും മരണങ്ങളുടേയും എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നിരീക്ഷണങ്ങള്‍ പുറത്തുവരുന്നത്.
പ്രശസ്ത വൈറോളജിസ്റ്റായ ഡോ. ഷാഹിദ് ജമീലിന്റെ വാക്കുകള്‍, ‘കഴിഞ്ഞ സെപ്റ്റംബര്‍ പകുതി മുതല്‍ രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. സെപ്റ്റംബര്‍ ആദ്യം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 93,000 കൊറോണ കേസുകളാണ്. എന്നാലിപ്പോള്‍ 25,500-ല്‍ താഴെയാണ് പ്രതിദിന കണക്കുകള്‍. ഏറ്റവും മോശമായ ഘട്ടം കടന്നുപോയി. ചെറിയ തരംഗങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്നും കേസുകളുടെ എണ്ണം ചെറിയ രീതിയില്‍ ഉയരാമെന്നും ഡോ. ഷാഹിദ് ജമീല്‍ ചൂണ്ടിക്കാട്ടി. ഉത്സവകാലം കഴിഞ്ഞ സാഹചര്യത്തില്‍ ഇനിയൊരു രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗ രോഗവ്യാപനം ഉണ്ടാകില്ലെന്നും കൊറോണ കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കില്ലെന്നും ക്ലിനിക്കല്‍ സയന്റിസ്റ്റായ ഡോ. ഗഗന്‍ദീപ് കാങ് പറയുന്നു. ഇന്ത്യയില്‍ 30-40 ശതമാനം ജനസംഖ്യയ്ക്ക് ഇപ്പോഴും കൊറോണ ബാധിച്ചിട്ടില്ലെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ഡോ. കെകെ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ 16 ഇരട്ടിയോളം ആളുകള്‍ക്ക് രോഗം അറിയാതെ വന്നുപോയി എന്നായിരുന്നു സിറോളജിക്കല്‍ സര്‍വേയില്‍ കണ്ടെത്തിയത്. ഇതു പ്രകാരം ഇന്ത്യയില്‍ ഇതുവരെ 16 കോടി ആളുകള്‍ക്ക് രോഗം അവര്‍ പോലും അറിയാതെ വന്നു സുഖപ്പെട്ടിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ വരെ ഇന്ത്യയില്‍ 30 മുതല്‍ 40 കോടി ആളുകള്‍ക്ക് വരെ കൊവിഡ് ബാധിച്ചു സുഖപ്പെട്ടിരിക്കാന് സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post