കോഴിക്കോട്: തിങ്കളാഴ്ച സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേർരേഖയിൽ ദൃശ്യമാകും. 794 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ മഹാഗ്രഹ സംഗമം നടക്കാൻ പോകുന്നത്.
നഗ്നനേത്രങ്ങൾകൊണ്ട് തെക്കുപടിഞ്ഞാറൻ സന്ധ്യാമാനത്ത് ഗ്രഹങ്ങളുടെ മഹാസംഗമം കാണാൻ സാധിക്കും. ഇത്തവണയും ഗ്രഹസംഗമം നടക്കുന്നത് ദക്ഷിണ അയനാന്ത ദിനമായ (സൂര്യൻ ഏറ്റവും തെക്കുഭാഗത്തായി കാണപ്പെടുന്ന ദിവസം) ഡിസംബർ 21-ന് തന്നെയാണ്. ഇന്ന് തെക്കുപടിഞ്ഞാറൻ മാനത്ത് സൂര്യാസ്തമയത്തിന് ശേഷം ആദ്യം തെളിഞ്ഞുവരിക വ്യാഴമായിരിക്കും. അതിന്റെ തിളക്കം നേരമിരുട്ടുന്നതോടെ കൂടിക്കൂടി വരും. ക്രമേണ തൊട്ടടുത്തുള്ള ശനി ഗ്രഹത്തെയും നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കും. സൂര്യാസ്തമയത്തോടെ തെക്കുപടിഞ്ഞാറൻ മാനം നന്നായി കാണാവുന്നതും അധികം വെളിച്ചമില്ലാത്തതുമായ സ്ഥലത്ത് എത്തിച്ചേർന്നാൽ മഹാഗ്രഹ സംഗമം നന്നായി ആസ്വദിക്കാൻ കഴിയുമെന്ന് വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി പറയുന്നു.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അവ ഇരട്ടഗ്രഹം പോലെയായിരിക്കും ദൃശ്യമാവുക. അവസാനമായി വ്യാഴവും ശനിയും ഏറ്റവും അടുത്തുവന്ന് ഭൂമിയിൽ നിന്ന് ദൃശ്യമായത് 1226-ലാണ്.
Discussion about this post