കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ചോദ്യം ചെയ്യാനിരുന്നത് എൻഫോഴ്സ്മെന്റ് മാറ്റിവെച്ചു. വൈദ്യപരിശോധനയുണ്ടെന്ന് കാണിച്ച് സി.എം രവീന്ദ്രൻ എൻഫോഴ്സ്മെന്റിന് കത്ത് നൽകിയിരുന്നു. ഇതേതുടർന്നാണ് ചോദ്യംചെയ്യാൻ മാറ്റിവെച്ചത്.
രവീന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത് രണ്ട് ദിവസത്തെ സമയം കൂടി വേണമെന്നാണ്. ഇ-മെയിൽ വഴിയാണ് കത്തയച്ചത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ചോദ്യം ചെയ്തതിന് പുറമേ ഇന്ന് രാവിലെ ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നിർദ്ദേശം നൽകിയിരുന്നു. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ.
സ്വപ്നയെ ചോദ്യം ചെയ്തതിൽ നിന്നും ഇഡിക്ക് രവീന്ദ്രനെതിരെ പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ. എന്നാൽ, ശിവശങ്കറിനു പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോയെന്ന എൻഫോഴ്സ്മെന്റിന്റെ ചോദ്യത്തിന് രവീന്ദ്രൻ വിളിക്കാറുണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. അന്ന്, വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ടായിരുന്നു രവീന്ദ്രൻ വിളിച്ചതെന്നാണ് സ്വപ്ന പറഞ്ഞത്.
Discussion about this post