വാഷിങ്‌ടൺ: കോവിഡ് വ്യാപനം മറച്ചുവെയ്ക്കാൻ ചൈനീസ് ഭരണകൂടം ശ്രമിച്ചുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ചൈനീസ് അധികൃതർ കോവിഡ് സംബന്ധിച്ച കാര്യങ്ങളിൽ പണം നൽകി സാമൂഹ്യമാധ്യമങ്ങളിലൂടെ കൃത്രിമം കാണിക്കാൻ ശ്രമിച്ചിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
പ്രാദേശിക പ്രചാരണ സംഘങ്ങൾക്കും മാധ്യമങ്ങൾക്കും ചൈനീസ് ഭരണകൂടം ഇത്തരത്തിൽ രഹസ്യ നിർദ്ദേശങ്ങൾ നൽകിയതിന്റെ രേഖകൾ പുറത്തു വന്നിരുന്നു. ഇതോടെയാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. കോവിഡ് സംബന്ധിച്ച, സർക്കാരിന് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലുള്ള വാർത്തകൾ അടിച്ചമർത്താൻ അധികൃതർ പരിശ്രമിച്ചിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങൾ നിയന്ത്രിച്ചതിനോടൊപ്പം സുരക്ഷാസേനയെ ഉപയോഗിച്ചും എതിർശബ്ദങ്ങൾ അടിച്ചമർത്താൻ ചൈന ശ്രമിച്ചിരുന്നുവെന്നാണ് ലഭ്യമായ വിവരങ്ങൾ. വായനക്കാർക്ക് പുഷ് നോട്ടിഫിക്കേഷനായി ചൈനയിൽ കോവിഡിന്റെ തുടക്കത്തിൽ മുന്നറിയിപ്പ് നൽകിയതിനു ശേഷം കോവിഡ് ബാധിച്ച് മരിച്ച ഡോ.ലി വെൻലിയാങിന്റെ മരണവാർത്ത കൊടുക്കരുതെന്ന് അധികൃതർ മാധ്യമങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
മാത്രമല്ല, ഇതിനുപുറമെ വിദേശ രാജ്യങ്ങളിൽ നിന്നും വാങ്ങുന്ന മെഡിക്കൽ ഉപകരണങ്ങളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കരുതെന്നും നിരവധി മാധ്യമ സ്ഥാപനങ്ങൾക്ക് ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപ്തി ചൈന കുറച്ചു കാണിക്കുകയാണെന്ന് ആരോപിച്ച് നേരത്തെ നിരവധി തവണ അമേരിക്ക രംഗത്തു വന്നിരുന്നു.
Discussion about this post