ന്യൂഡൽഹി: ബ്രിട്ടനിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തും മുൻകരുതലേർപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള കോവിഡ് വ്യാപനവും കോവിഡിന്റെ രണ്ടാം വരവും തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ തീരുമാനിക്കാൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
വൈകീട്ട് 6 മണിക്കായിരിക്കും യോഗം. യോഗത്തിൽ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. അതേസമയം, പുതിയ കോവിഡ് വൈറസ് അതിവേഗം വ്യാപിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനാൽ രാജ്യത്ത് കനത്ത ജാഗ്രതയേർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്കും നേരെ തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ഇന്ന് രാത്രി 12 മുതൽ 31 ന് രാത്രി 12 വരെയാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം.
അതേസമയം, ആശങ്ക വേണ്ടെന്നും സർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധം ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post