ന്യൂഡൽഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2023-ൽ പൂർത്തിയാകുമെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ ( എംഎഎച്ച്എസ്ആർ) പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കവെ വിവരാവകാശ രേഖയിലാണ് എംഎഎച്ച്എസ്ആർ ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ ചിലവ് 1,08,000 കോടി രൂപയാണ്. ടെൻഡറുകൾ ആരംഭിച്ചാൽ മാത്രമേ അന്തിമ തുക സംബന്ധിച്ച വിവരങ്ങൾ വ്യക്തമാവുകയുള്ളു. ആകെ 25 നിർമ്മാണ പദ്ധതികളാണ് നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം പൂർത്തിയായിക്കഴിഞ്ഞു.
അടുത്ത മൂന്ന് പദ്ധതികൾക്കായുള്ള ലേലം ആരംഭിച്ചിട്ടുണ്ട്.പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നാണ് ലഭ്യമായ വിവരങ്ങൾ. പദ്ധതിക്കായി ഇതുവരെ 64 ശതമാനം ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. 2017 സെപ്റ്റംബർ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ബുള്ളറ്റ് ട്രെയിനുകളുടെ വരവോടെ മുംബൈ- അഹമ്മദാബാദ് റൂട്ടിൽ ട്രെയിനുകൾക്ക് 7 മണിക്കൂർ യാത്ര ആവശ്യമുള്ളിടത്ത് യാത്ര സമയം രണ്ടു മണിക്കൂറായി കുറയും.
Discussion about this post