തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിയ്ക്കുമുള്ള ശിക്ഷ ഇന്ന് കോടതി പ്രഖ്യാപിക്കും. ഇരുവരും കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി ഇന്നലെ വിധിച്ചിരുന്നു. 28 വർഷം നീണ്ട നടപടികൾക്കു ഒടുവിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികൾ രണ്ടുപേരും തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റർ അഭയ നേരിട്ട് കണ്ടു. ഇതിനെ തുടർന്ന് ഇരുവരും ചേർന്ന് അഭയയെ തലക്കടിച്ച് വീഴ്ത്തി കിണറ്റിലിട്ടു എന്നാണ് സിബിഐ കണ്ടെത്തിയത്. രണ്ടു പ്രതികൾക്കുമെതിരെ സിബിഐ ചുമത്തിയ കൊലക്കുറ്റവും തെളിവു നശിപ്പിക്കൽ കുറ്റവും കോടതി ശരിവെച്ചു. കോൺവെന്റിൽ അതിക്രമിച്ചു കടന്നുവെന്ന കുറ്റം കൂടി ഫാ. കൊട്ടൂരിന് മേലുണ്ട്.
പയസ് ടെൻത് കോൺവെന്റ് സിസ്റ്റർ അഭയ 1992 മാർച്ച് 27-നാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. തുടക്കം മുതലേ കൊലപാതകം ആത്മഹത്യയാക്കി ഒതുക്കാൻ ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കം സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ മറ നീക്കുകയായിരുന്നു.
Discussion about this post