ടെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ ബജറ്റ് പാസാക്കുന്നതിൽ പരാജയപ്പെട്ടതോടെ ഇസ്രായേൽ പാർലമെന്റ് പിരിച്ചു വിട്ടു. ഇതോടെ രണ്ടുവർഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം നീങ്ങുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ നെതന്യാഹുവിന്റെയും അദേഹത്തിന്റെ മുൻ തിരഞ്ഞെടുപ്പ് എതിരാളിയായ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സിന്റെയും നേതൃത്വത്തിലുള്ള സഖ്യം വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിട്ട് വരികയായിരുന്നു. ഇരുവരും തമ്മിലുള്ള പരസ്പര വൈരാഗ്യവും അവിശ്വാസവുമാണ് സർക്കാരിനെ ദുർബലപ്പെടുത്തിയത്.
ഇതിനുമുമ്പ്, 2019 ഏപ്രിലിലും സെപ്റ്റംബറിലും ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ, വ്യക്തമായ ഭൂരിപക്ഷം നേടാൻ ഒരു പാർട്ടിക്കും സാധിക്കാതിരുന്നതിനാൽ കഴിഞ്ഞ മാർച്ചിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി. തുടർന്ന്, അനിശ്ചിതത്വം ഒഴിവാക്കുന്നതിനായാണ് ഏപ്രിലിൽ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ലിക്കുഡ് പാർട്ടിയും പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സിന്റെ പാർട്ടിയും സഖ്യമുണ്ടാക്കി ഭരണം ആരംഭിച്ചത്.
ആദ്യ 18 മാസം നെതന്യാഹുവും ശേഷം ഗാന്റ്സും പ്രധാനമന്ത്രിയാകുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, 9 മാസം തികയും മുമ്പേയാണ് ഇപ്പോൾ പാർലമെന്റ് പിരിച്ചു വിട്ടിരിക്കുന്നത്.










