ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ഇരുപതിനായിരം കർഷകരുടെ മാർച്ച് ഇന്ന് നടക്കും. കർഷകരുടെ സംഘടനയായ കിസാൻ സേനയിലെ അംഗങ്ങളായിരിക്കും വ്യാഴാഴ്ച ഡൽഹിയിലേക്ക് മാർച്ച് നടത്തുക.
കാർഷിക നിയമങ്ങൾക്കെതിരെ ഒരു മാസമായി വിവിധ കർഷക സംഘടനകളുടെ പ്രതിഷേധ സമരം തുടരുന്നതിനിടെയാണ് കിസാൻ സേന നിയമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മഥുര, ഫിറോസാബാദ്, ഹത്രാസ്, മീററ്റ്, മുസാഫർ നഗർ എന്നീ ജില്ലകൾ ഉൾപ്പെടുന്ന ബ്രജ് മേഖലയിലെ കർഷകർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
ഡൽഹിയിൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ത്യയിലെ മുഴുവൻ കർഷകരെയും പ്രതിനിധീകരിക്കുന്നില്ലെന്ന് കിസാൻ സേന കൺവീനർ ഠാക്കൂർ ഗൗരിശങ്കർ സിങ് പറഞ്ഞു. നേരത്തെയും കാർഷിക നിയമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ കർഷക സംഘടനകൾ രംഗത്തു വന്നിരുന്നു.
മാർച്ചിന് സർക്കാരിന്റെ അനുമതി തേടി അധികൃതർക്ക് അപേക്ഷ നൽകിയിരിക്കുകയാണെന്നും അനുമതി ലഭിച്ചില്ലെങ്കിൽ കിസാൻ സേനയുടെ ഇരുപതിനായിരം അംഗങ്ങൾ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലേക്ക് തിരിക്കുമെന്നും ഠാക്കൂർ ഗൗരിശങ്കർ സിങ് അറിയിച്ചിട്ടുണ്ട്.കർഷകരെ വിവിധ പ്രതിപക്ഷ പാർട്ടികൾ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് പ്രേരിപ്പിക്കുകയാണെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
Discussion about this post