മെൽബൺ: ഒന്നാം ടെസ്റ്റിന് സമാനമായി രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞപ്പോൾ ഓസ്ട്രേലിയക്ക് കുറഞ്ഞ സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ ഒന്നാം ഇന്നിംഗ്സിൽ 195 റൺസിന് പുറത്തായി. 48 റൺസെടുത്ത ലബൂഷെയ്നാണ് ടോപ് സ്കോറർ.
ഇന്ത്യക്ക് വേണ്ടി ഒന്നാം ടെസ്റ്റിൽ തിളങ്ങിയ ബൂമ്രയും അശ്വിനും തന്നെയാണ് ഇന്നും ഓസീസിനെ പൂട്ടിയത്. ബൂമ്ര 4 വിക്കറ്റ് നേടിയപ്പോൾ അശ്വിൻ 3 വിക്കറ്റെടുത്തു. ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന മുഹമ്മദ് സിറാജ് 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജക്ക് ഒരു വിക്കറ്റ് കിട്ടി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെടുത്തിട്ടുണ്ട്. മായങ്ക് അഗർവാൾ പൂജ്യത്തിന് പുറത്തായി. സ്റ്റാർക്കിനാണ് വിക്കറ്റ്. 28 റൺസുമായി ശുഭ്മാൻ ഗില്ലും 7 റൺസുമായി പുജാരയും ബാറ്റ് ചെയ്യുന്നു.
ആദ്യ ടെസ്റ്റിൽ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായിരുന്നു. ഓപ്പണിംഗിൽ പരാജയമായ പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാൻ ഗിൽ ടീമിലെത്തി. ഭാര്യയുടെ പ്രസവത്തിനായി ഇന്ത്യയിലേക്ക് മടങ്ങിയ വിരാട് കോഹ്ലിക്ക് പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. വിക്കറ്റ് കീപ്പർ സാഹക്ക് പകരം ഋഷഭ് പന്ത് ടീമിൽ ഇടം നേടി. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം സിറാജിന് അരങ്ങേറാൻ അവസരം ലഭിച്ചു. ഓസീസ് ടീമിൽ ഡേവിഡ് വാർണർ തിരികെ എത്തിയില്ല.












