ഡൽഹി: ചൈനയെ അമ്പരപ്പിക്കുന്ന നീക്കവുമായി വീണ്ടും ഇന്ത്യ. ചൈനാക്കടലിൽ വിയറ്റ്നാം നാവിക സേനയുമായി ചേർന്നുള്ള ഇന്ത്യയുടെ സംയുക്ത നാവികാഭ്യാസം രണ്ടാം ദിവസവും തുടരുന്നു. ലഡാക്കിൽ മാസങ്ങളായി തുടരുന്ന ചൈനീസ് പ്രകോപനങ്ങൾക്കും, പാകിസ്ഥാനുമായി ചേർന്ന് സിന്ധ് പ്രവിശ്യയിൽ അടുത്തിടെ നടത്തിയ സൈനിക അഭ്യാസങ്ങൾക്കും അതേ നാണയത്തിൽ ഇന്ത്യ നൽകുന്ന തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഡിസംബർ 26,27 എന്നീ തീയതികളിലായാണ് ദക്ഷിണ ചൈനാക്കടലിൽ സംയുക്ത നാവികാഭ്യാസം നടക്കുന്നത്. ചൈനാക്കടലിന്റെ സർവ്വാധിപതികൾ തങ്ങളാണെന്ന ചൈനയുടെ ധാർഷ്ട്യത്തിനുള്ള ശക്തമായ വെല്ലുവിളിയായാണ് നാവികാഭ്യാസം വിലയിരുത്തപ്പെടുന്നത്. വിയറ്റ്നാമുമായി ചൈനാക്കടലിൽ അതിർത്തി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് ചൈന എന്നതും ശ്രദ്ധേയമാണ്.
മദ്ധ്യ വിയറ്റ്നാമിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിച്ചേർന്ന ഇന്ത്യൻ യുദ്ധക്കപ്പലായ ഐ എൻ എസ് കിൽട്ടാൻ നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അഭ്യാസമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ചൈനയ്ക്കുളള വ്യക്തമായ സന്ദേശമായിട്ടാണ് സംയുക്ത നാവികാഭ്യാസം നിരീക്ഷിക്കപ്പെടുന്നത്. ദക്ഷിണ ചൈനാക്കടലിൽ ചൈന സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ നാവികാഭ്യാസത്തിന്റെ സന്ദേശം വ്യക്തമാണ്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി വിയറ്റ്നാം ഭരണാധികാരിയുമായി കഴിഞ്ഞയാഴ്ച ഓണലൈനായി സംവദിച്ചിരുന്നു. വിയറ്റ്നാമിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്കായി പതിനഞ്ച് ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ എത്തിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യൻ സഹായവുമായി ഐ എൻ എസ് കിൽട്ടാൻ ഹോ ചി മിൻ സിറ്റിയിലെ ഹറാങ് തുറമുഖത്തെത്തിയത്. ചൈനക്കടലിൽ ഉൾപ്പടെ പ്രതിരോധ, സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുവാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു രാജ്യങ്ങളും ധാരണയിൽ എത്തിയിരുന്നു. ദക്ഷിണ ചൈനാക്കടലിൽ വിയറ്റനാമിന്റെ അധീനതയിലുള്ള പ്രദേശത്ത് എണ്ണ പര്യവേക്ഷണ പദ്ധതികളിലും ഇന്ത്യ പങ്കാളിയാണ്.
Discussion about this post