ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധശേഷി മറികടക്കാൻ (ഇമ്യൂൺ എസ്‌കേപ്പ്) ശേഷിയുള്ളതാണെന്ന് ഗവേഷണ ഫലം.
ആന്ധ്രപ്രദേശിൽ രോഗം ബാധിച്ച 34 ശതമാനം പേരിലും കണ്ടെത്തിയ ‘എൻ 440’ വകഭേദം ഇത്തരത്തിലുള്ളതാണ്. ജനിതക ശ്രേണീകരണത്തിൽ തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. യുകെയിൽ ഈയിടെ കണ്ടെത്തിയ ‘എൻ501വൈ’ വകഭേദമാണ് അടുത്തിടെ ആശങ്കയ്ക്ക് ഇടയാക്കിയത്. എന്നാൽ, ഈ വൈറസ് പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളതാണോയെന്ന് വ്യക്തമല്ല.
യുകെയിൽ നിന്നും ഇന്ത്യയിലേക്കെത്തിയവരിൽ ആർക്കും ഈ വകഭേദം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുമില്ല. ഇമ്യൂൺ എസ്ക്കേപ്പ് ആയതിനാൽ യുകെയിൽ കണ്ടെത്തിയ വകഭേദത്തെക്കാൾ ശ്രദ്ധ വേണ്ടത് ആന്ധ്രയിൽ കണ്ടെത്തിയ വൈറസിനെയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രെറ്റീവ് ബയോളജിയിലെ (ഐജിഐബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഐജിഐബിയുടെ പഠനത്തിൽ ആന്ധ്രയിൽ കണ്ടെത്തിയ വകഭേദം ആദ്യം വേർതിരിച്ചത്.
Discussion about this post