ടി20 ലോകകപ്പിൽ ഭാരതത്തോട് ഏറ്റുവാങ്ങിയ ദയനീയ പരാജയം പാകിസ്താനിൽ വലിയ രാഷ്ട്രീയ-സൈനിക പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്നു. ഇന്ത്യൻ പടയോട് അമ്പേ പരാജയപ്പെട്ട പാക് ടീമിന്റെ പ്രകടനത്തിൽ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനെ നേരിട്ട് അതൃപ്തി അറിയിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. തോൽവി കേവലം ഒരു കായിക പരാജയമായല്ല, മറിച്ച് രാജ്യത്തിന്റെ അന്തസ്സിനേറ്റ ക്ഷതമായാണ് പാക് സൈന്യം കാണുന്നത്. ഇതോടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും കേന്ദ്രമന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയുടെ കസേര തെറിക്കുമെന്നുറപ്പായി.
ഇന്ത്യയുമായുള്ള ലോകകപ്പ് മത്സരം ബഹിഷ്കരിക്കുമെന്ന ഭീഷണിയിൽ നിന്ന് പിന്മാറിയതിന് പിന്നാലെ മൊഹ്‌സിൻ നഖ്‌വി നടത്തിയ പ്രസ്താവനകളാണ് ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുന്നത്. ഐസിസിയുടെയും ഇന്ത്യയുടെയും ഭീഷണികളിൽ താൻ ഭയപ്പെടുന്നില്ലെന്ന് സ്ഥാപിക്കാൻ സൈനിക മേധാവി അസിം മുനീറിന്റെ പേര് നഖ്‌വി അനാവശ്യമായി വലിച്ചിഴച്ചിരുന്നു. “അസിം മുനീറിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ, അദ്ദേഹം ഒന്നിനെയും ഭയപ്പെടുന്നില്ല” എന്ന നഖ്‌വിയുടെ പരാമർശം സൈനിക മേധാവിയെ ചൊടിപ്പിച്ചു. സൈന്യത്തിന്റെ പേര് ഇത്തരം തർക്കങ്ങളിലേക്ക് വലിച്ചിഴച്ചതും തൊട്ടുപിന്നാലെ ഇന്ത്യയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതും അസിം മുനീറിനെ പ്രകോപിപ്പിച്ചു.
പ്രധാനമന്ത്രിയുടെ മിലിട്ടറി സെക്രട്ടറി വഴി സൈനിക മേധാവി തന്റെ ആശങ്കകൾ അറിയിച്ചതോടെ പാക് ക്രിക്കറ്റ് ബോർഡിൽ അടിയന്തര അഴിച്ചുപണിക്ക് കളമൊരുങ്ങി. 2025 മേയിൽ ഇന്ത്യയുമായുണ്ടായ സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് അസിം മുനീർ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർന്നത്. ഭാരതത്തോടുള്ള തോൽവി സൈന്യത്തിന് ഒട്ടും സഹിക്കാവുന്നതല്ല. ടീമിന്റെ തയാറെടുപ്പിലെ വീഴ്ചയും പിസിബിയുടെ കെടുകാര്യസ്ഥതയും സൈന്യം ചോദ്യം ചെയ്തതോടെ മൊഹ്‌സിൻ നഖ്‌വിയെ പുറത്താക്കാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ആലോചിക്കുന്നതായാണ് വിവരം.
ഇന്ത്യയുടെ കരുത്തിന് മുന്നിൽ പതറില്ലെന്ന് വീരവാദം മുഴക്കിയവർ ഇപ്പോൾ സ്വന്തം നാട്ടിൽ വിചാരണ നേരിടുകയാണ്. കളിക്കളത്തിലെ ആധിപത്യത്തിന് പുറമെ നയതന്ത്രപരമായും സൈനികമായും പാകിസ്താൻ കടുത്ത സമ്മർദ്ദത്തിലാകുന്ന കാഴ്ചയാണ് കൊളംബോയിലെ ഈ വിജയത്തിന് പിന്നാലെ കാണുന്നത്. വരുംദിവസങ്ങളിൽ പാക് ക്രിക്കറ്റിലും ഭരണകൂടത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.








