ശ്രീനഗർ: തലമുറകളായി ജീവിച്ചു വരുന്ന നാട്ടിൽ ഒരു തുണ്ട് ഭൂമി വാങ്ങി വീടുവെച്ച് താമസിക്കാൻ ആഗ്രഹിച്ച വയോധികന് ദാരുണാന്ത്യം. ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കാനുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നേടിയ അറുപത്തിയഞ്ചുകാരനായ സത്പാൽ സിംഗ് എന്ന വ്യാപാരിയെ ഇസ്ലാമിക ഭീകരർ വെടിവെച്ച് കൊന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമപ്രകാരം ജമ്മുവില്‍ ഭൂമി സ്വന്തമാക്കാനുള്ള സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ മാസമാണ് സത്പാലിന് ലഭിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം റസിസ്റ്റന്റ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തു.
കഴിഞ്ഞ 50 വര്‍ഷമായി ശ്രീനഗറില്‍ താമസിച്ച് കച്ചവടം നടത്തി വരികയായിരുന്നു സത്പാലും കുടുംബവും. എന്നാൽ സത്പാല്‍ കുടിയേറ്റ പദ്ധതിയുടെ ഭാഗമാണെന്നും സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നേടുന്നവരെയെല്ലാം കടന്നുകയറ്റക്കാരായി പരിഗണിച്ച് ഉന്മൂലനം ചെയ്യുമെന്നും റസിസ്റ്റന്റ് ഫ്രണ്ട് പ്രസ്താവനയിൽ പറയുന്നു.
ഹിസ്ബുൾ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ കൂട്ടായ്മയാണ് റസിസ്റ്റന്റ് ഫ്രണ്ട്. പാകിസ്ഥാനിൽ ഭീകര പ്രവർത്തനങ്ങൾ വ്യാപകമാകുന്നതായി അന്താരാഷ്ട്ര തലത്തിൽ ആക്ഷേപമുയരുകയും എഫ് എ ടി എഫ് അടക്കം സാമ്പത്തിക സഹായം നിർത്തലാക്കുകയും ചെയ്ത സാഹചര്യത്തിൽ രൂപം കൊണ്ട സംഘടനയാണിത്.
ഇന്ത്യയുടെ ഏതു ഭാഗത്തു താമസിക്കുന്ന പൗരന്മാര്‍ക്കും ജമ്മു കശ്മീരില്‍ സ്വത്തുവകകള്‍ വാങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ നിയമം പാസ്സാക്കിയത്. കശ്മീര്‍ താഴ്‌വരയില്‍ താമസിക്കുന്ന 10 ലക്ഷം പേര്‍ക്ക് ഇതുവരെ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കെല്ലാം ഭീഷണിയുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു.








