ന്യൂദല്‍ഹി: 3000 കോടി ചിലവിൽ നിർമ്മിച്ച കൊച്ചി- മംഗളൂരു പ്രകൃതിവാതക പൈപ്പ്ലൈന്‍ ജനുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിക്കും. ‘ഒരു രാജ്യം ഒരു വാതക ഗ്രിഡ്’ (One Nation One Gas Grid) രൂപീകരണത്തിനുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി. അഞ്ചിന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്‌ഘാടനം ചെയ്യുന്നത്. കര്‍ണാടക, കേരള ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.
ഏകദേശം 3000 കോടി രൂപ ചെലവു വന്ന പ്രകൃതി വാതക പൈപ്പ് ലൈന്‍, 12 ലക്ഷത്തോളം മനുഷ്യ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. കടന്നു പോകുന്ന പാതയില്‍ നൂറിലധികം പ്രദേശത്ത് ജലസ്രോതസ്സുകളെ മുറിച്ചു കടക്കണം എന്നതിനാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനമായിരുന്നു. ഹൊറിസോണ്ടല്‍ ഡയറക്ഷനല്‍ ഡ്രില്ലിങ് എന്ന പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രകൃതി വാതക പൈപ്പ് ലൈന്‍ ഗെയില്‍ ഇന്ത്യ ലിമിറ്റഡാണ് നിര്‍മ്മിച്ചത്.
പ്രകൃതിവാതകം പോലെ ശുദ്ധമായ ഊര്‍ജ്ജ ഉപയോഗം അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും അതുവഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ വാഹക ശേഷിയുള്ളതാണ് പൈപ്പ് ലൈന്‍. കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നും കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലുള്ള മംഗളൂരുവിലേയ്ക്കാണ് പ്രകൃതിവാതകം കൊണ്ടുപോകുന്നത്.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലൂടെ ആണ് പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നത്.വീട്ടാവശ്യത്തിന്, പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതക ഇന്ധനവും, ഗതാഗത മേഖലയ്ക്ക് സി.എന്‍.ജി (Compressed Natural Gas) രൂപത്തിലും ഈ പൈപ്പ് ലൈനിലൂടെ ഇന്ധനം ലഭ്യമാക്കും. പൈപ്പ്ലൈന്‍ കടന്നുപോകുന്ന ജില്ലകളില്‍ വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പ്രകൃതിവാതകവും നല്‍കും.
കേരളത്തില്‍ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ വളരെ ശ്രമകരമായ ദൗത്യമായിരുന്നു. ജനം തിങ്ങിപ്പാര്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടു. എന്നാല്‍ നഷ്ടപരിഹാരം നല്‍കിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയും ബലം പ്രയോഗിച്ചുമെല്ലാമാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. 2009ലാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പദ്ധതി തുടങ്ങിയത്. 2014ല്‍ പൂര്‍ത്തിയാകുന്നതായിരുന്നു പദ്ധതി. 2195 കോടി രൂപയാണ് അന്ന് കണക്കാക്കിയത്. എന്നാല്‍ പ്രതിഷേധം മൂലം പദ്ധതി വൈകുകയായിരുന്നു.
Discussion about this post