കൊല്‍ക്കത്ത: കൂടുതല്‍ ആളുകള്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. അനന്തിരവന് അഭിഷേക് ബാനര്‍ജിക്കായി മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടിയിലെ മറ്റ് നേതാക്കളെ തഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തൃണമൂല്‍ കോണ്‍ഗ്രസ് എന്നത് ഒരു സ്വകാര്യ കമ്പനിയാണ്. മമത ബാനര്‍ജി കമ്പനിയുടെ അധ്യക്ഷയും, അഭിഷേക് ബാനര്‍ജി എംഡിയുമാണ്. അഭിഷേകിനായി നിരവധി കഴിവുള്ള നേതാക്കളെയാണ് മമത ബാനര്‍ജി തഴഞ്ഞത്. സ്വാര്‍ത്ഥ താത്പര്യങ്ങള്വെച്ച് പുലര്‍ത്തുന്നവര്‍ക്ക് മാത്രം തുടരാന്‍ കഴിയുന്ന പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസെന്നും സുവേന്ദു അധികാരി വിമര്‍ശിച്ചു.
കൂടുതല്‍ ആളുകള്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ബൂത്ത് മാനേജ്മെന്റ് പ്രവര്‍ത്തകര്‍ അധികം വൈകാതെ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ഓരോ ദിവസവും ആളുകള്‍ ബിജെപിയില്‍ ചേരുമെന്ന് താന്‍ ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയില്‍ ഒരു അച്ചടക്കമുള്ള പ്രവര്‍ത്തകനായി ആളുകളെ സേവിക്കും. പാര്‍ട്ടി നേതാവെന്ന നിലയില്‍ ബിജെപിയുടെ നയങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ മമത സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷക്കാലമായി പശ്ചിമ ബംഗാളില്‍ ഒന്നും മാറിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ചെറിയ കാര്യങ്ങള്‍ പോലും മമത സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നില്ലെന്നും സുവേന്ദു പറഞ്ഞു.
Discussion about this post