ന്യൂഡല്‍ഹി: വസ്‌തു ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ആദായനികുതി വകുപ്പ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്‌രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്‌തു. അനധികൃത വസ്‌തു ഇടപാടുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്‌തതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.കോവിഡിന്റെ പശ്‌ചാത്തലത്തില്‍ വാധ്‌രയുടെ ഡല്‍ഹിയിലെ ഓഫീസിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
കിഴക്കന്‍ ഡല്‍ഹിയിലെ സുക്ദേവ് വിഹാറിലുള്ള ഓഫിസിലായിരുന്നു ഇ.ഡി. സംഘമെത്തിയത്. ലണ്ടനിലെ 12 മില്യണ്‍ പൗണ്ടിന്റെ വസ്തുവുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വാധ്രയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്. രാജസ്ഥാനിലെ ബിക്കാനീറില്‍ പാവപ്പെട്ട ഗ്രാമീണരുടെ പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാധ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി സ്വന്തമാക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
69.55 ഹെക്ടര്‍ ഭൂമി കുറഞ്ഞ വിലയ്ക്കു വാങ്ങി 5.15 കോടി രൂപയ്ക്കു മറ്റൊരു കമ്പനിക്ക് അനധികൃതമായി വിറ്റുവെന്നാണ് ആരോപണം. 2018ല്‍ ഗുഡ്ഗാവിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വാധ്രയ്ക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡയ്ക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. 2015ല്‍ വാധ്രയുടെ സ്ഥാപനത്തിനെതിരെ ഇഡി കള്ളപ്പണം വെളുപ്പില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സഞ്‌ജയ് ഭണ്ഡാരിയുമായുള്ള ബന്ധത്തിന്റെ വിശദാംശമാണു തേടിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്. യു.കെയിലേക്കു കടന്ന ഭണ്ഡാരിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
Discussion about this post