ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നു വ്യാജ തെളിവുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ചെന്ന പരാതിയില്‍ ഡിവൈ. എസ്.പിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. കമ്മിഷനംഗം പി. മോഹനദാസ് സംസ്‌ഥാന പോലീസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയത്. ഡിവൈ.എസ്.പിയുടെ നേത്യത്വത്തില്‍ വ്യാജ തെളിവുണ്ടാക്കിയതായി ആരോപിച്ച് പീഡനക്കേസില്‍ പ്രതിയായ വ്യക്‌തിയുടെ ഭാര്യ കമ്മിഷനില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
അയല്‍വാസികള്‍ തമ്മിലുള്ള വഴക്കിനെത്തുടര്‍ന്നാണ് പരാതിക്ക് ആസ്‌പദമായ സംഭവമുണ്ടായത്. അയല്‍വാസിയായ പെണ്‍കുട്ടിയെ പരാതിക്കാരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചെന്നാണു പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെ അറസ്‌റ്റ് ചെയ്‌തു. പരാതിക്കാരി ഉന്നത പോലീസുദ്യോഗസ്‌ഥര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പീഡനക്കേസ് റദ്ദാക്കുകയും ചെയ്തു.
അതേസമയം സാക്ഷികള്‍ കൂറുമാറിയതു കൊണ്ടാണ് പ്രതിയെ വെറുതെ വിട്ടതെന്നും താന്‍ നിരപരാധിയാണെന്നും കായംകുളം ഡിവൈ.എസ്.പി ആര്‍. ബിനു കമ്മിഷനെ അറിയിച്ചിരുന്നു. എന്നാല്‍ ഡിവൈ.എസ്.പി ഗുരുതര കൃത്യവിലോപമാണ് കാണിച്ചതെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. കമ്മിഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്‌ഥന്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഡിവൈ.എസ്.പി. വ്യാജ തെളിവുണ്ടാക്കി കോടതിയില്‍ ഹാജരാക്കിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post