ന്യൂദല്‍ഹി: മാംസങ്ങളുടെ കയറ്റുമതി മാനുവലില്‍ നിന്ന് ‘ഹലാല്‍’ എന്ന വാക്ക് ഒഴിവാക്കി. കയറ്റുമതിയുടെ ചുമതല വഹിക്കുന്ന വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (എ.പി.ഇ.ഡി.എ.) ഉത്തരവിറക്കിയത്. ഇസ്ലാമിക രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ അറുക്കുന്നത് കര്‍ശനമായും ‘ഹലാല്‍’ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ട് ആവണമെന്നായിരുന്നു മാനുവലില്‍ രേഖപ്പെടുത്തിയിരുന്നത്.
ഇറക്കുമതിക്കാരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമാവണമെന്നാണ് മാറ്റം.’ഹലാല്‍’ എന്ന വാക്ക് പ്രയോഗിക്കുന്നതിനെതിരേ സിഖ് സംഘടനകള്‍ രംഗത്തു വന്നിരുന്നു. ‘ഹലാല്‍’ മാംസം സിഖുക്കാര്‍ക്ക് ഹറാമാണ്.എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഹലാല്‍ മാംസം വിതരണം ചെയ്യരുതെന്നാവശ്യപ്പെട്ട് സിഖ് സംഘടനകള്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് നിവേദനം നല്‍കിയിരുന്നു.
മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണെന്ന് ഹിന്ദു സംഘടനകളും ആരോപിച്ചു. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കാനും കീഴ്‌പ്പെടുത്താനുമുള്ള ഈ നീക്കം, അനിസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്‍പ്പിക്കലാണെന്നായിരുന്നു അവരുടെ നിലപാട്. കയറ്റുമതി മാനുവലില്‍ ‘ഹലാല്‍’ എന്ന വാക്ക് ഉള്‍പ്പെടുത്തിയിരുന്നു. ഇതുകാരണം ഈ രംഗത്തുള്ള വ്യാപാരികളില്‍ ചിലര്‍ക്കു മാത്രം ഗുണം കിട്ടുന്നതായി പരാതി ഉയര്‍ന്നു.
‘ഹലാല്‍” എന്നതു അറബിക് പദമാണ്. അതിനര്‍ത്ഥം ‘ശരീഅത്തിന് അനുവദനീയം’ എന്നാണ്. ഇസ്ലാമിക പ്രാര്‍ത്ഥനയോടെ മുസ്ലീം അറുത്താല്‍ മാത്രമേ ഹലാല്‍ എന്ന് പറയാന്‍ കഴിയൂ. ഹിന്ദുവോ, ക്രിസ്ത്യാനിയോ, നിരീശ്വരവാദിയോ അറുക്കുകയാണെങ്കില്‍ ശരീഅത്ത് അനുസരിച്ച് അനുവദനീയമല്ല. മുസ്ലിം ഹലാല്‍ അല്ലാത്ത ഭക്ഷണം വാങ്ങുകയോ കഴിക്കുകയോ ചെയ്യില്ല. ഇത് ഹലാല്‍ ഇതര വില്‍പ്പനക്കാരുടെ ബിസിനസിനെ ബാധിക്കുകയും അവര്‍ ഹലാല്‍ മാംസം വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.
തല്‍ഫലമായി ഇസ്ലാം ഒഴികെയുള്ള മതം പിന്തുടരുന്ന ആളുകള്‍ക്ക് കശാപ്പുകാരായും അറവുശാലകളിലും ജോലി നഷ്ടപ്പെടുന്നു. ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്ത്, വംശം, വര്‍ഗം, ഭാഷ, ജാതി അല്ലെങ്കില്‍ ഒരാളുടെ മത വിശ്വാസം അടിസ്ഥാനമാക്കി ഏതെങ്കിലും ജോലിക്കോ അവസരങ്ങള്‍ക്കോ വിവേചനം കാണിക്കാന്‍ കഴിയില്ല . ഹലാല്‍ വിഷയത്തില്‍ ഇത് ലംഘിക്കപ്പെടുന്നു.
Discussion about this post