ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിലമെച്ചപ്പെടുത്തി ഇന്ത്യ. പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോകരാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും ഇന്ത്യ പുറത്തുകടന്നു. വേൾഡോമീറ്ററിന്റെ കണക്കുകൾ പ്രകാരം ആക്ടീവ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യ 12-ാം സ്ഥാനത്താണ്. രാജ്യത്ത് 2.3 ലക്ഷത്തിൽ താഴെ രോഗികൾ മാത്രമാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.
ആകെ 1.03 കോടിയിലധികം ആളുകൾക്ക് രോഗം ബാധിച്ചെങ്കിലും ഇതിൽ 1 കോടിയിലധികം ആളുകളും രോഗമുക്തി നേടി ആശുപത്രി വിട്ടു. 9,000ത്തിൽ താഴെ രോഗികൾ മാത്രമാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. 1.5 ലക്ഷം ആളുകളാണ് രോഗം ബാധിച്ച് മരിച്ചത്. രണ്ടാം ഘട്ട രോഗ വ്യാപനവും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തുകയും ചെയ്തതോടെ യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ജർമ്മനി, റഷ്യ എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുകയാണ്.
ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്‌സിനേഷൻ ആരംഭിക്കുകയും ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചുമാണ് മുന്നോട്ടുപോകുന്നത്. ഏറ്റവും കൂടുതൽ കൊറോണ കേസുകളും ആക്ടീവ് കേസുകളും മരണവും അമേരിക്കയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2 കോടിയിലധികം ആളുകൾക്കാണ് അമേരിക്കയിൽ കൊറോണ ബാധിച്ചത്. ഇതിൽ 84 ലക്ഷത്തോളം ആളുകൾ ഇപ്പോഴും ചികിത്സയിലുണ്ട്. 3.7 ലക്ഷം ആളുകൾ രോഗം ബാധിച്ചു മരിക്കുകയും ചെയ്യും.
Discussion about this post