തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ട്വിറ്റര്‍ ജീവനക്കാര്‍ അക്കൗണ്ട് നീക്കാന്‍ ഗൂഢോലാചന നടത്തുകയായിരുന്നു. ഏഴരക്കോടി ദേശസ്നേഹികള്‍ തനിക്ക് വോട്ട് ചെയ്തതായും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു ട്രംപ്. അതേസമയം, ഡോണാള്‍ഡ് ട്രംപിന്റെ അടുത്തിടെയുളള ട്വീറ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
ട്രംപിന്റെ ട്വീറ്റുകള്‍ അക്രമത്തിന് പ്രേരണ നല്‍കിയേക്കാവുന്നതാണ്. ഇത് അപകടമുണ്ടാക്കാനുള്ള കാരണമായിമാറുമെന്നതുകൊണ്ടാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.ബുധനാഴ്ച കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അക്കൗണ്ട് തിരികെ ലഭിച്ചെങ്കിലും ട്രംപിന്റെ വെള്ളിയാഴ്ചത്തെ രണ്ടുട്വീറ്റുകളുടെ പശ്ചാത്തലത്തിലാണ് അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാനുളള കടുത്ത തീരുമാനത്തില്‍ ട്വിറ്റര്‍ എത്തിച്ചേര്‍ന്നത്.
അതേസമയം അമേരിക്കന്‍ പ്രസിഡന്റായിരിക്കേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന ആദ്യ പ്രസിഡന്റ് എന്ന ചീത്തപ്പേരാണ് ട്രംപ് നേടിയിരിക്കുന്നത്. അക്രമങ്ങളിലും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരായ നിരന്തര പ്രസ്താവനകളിലും മനംമടുത്ത് നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിനെ വിട്ടൊഴിയുന്നു എന്ന വാര്‍ത്തകളും പുറത്തുവരികയാണ്.
തെരഞ്ഞെടുപ്പ് ഫലം വിപരീതമായ സമയം മുതലേ ട്രംപ് നിരവധി ഉദ്യോഗസ്ഥരെ അപ്രതീക്ഷിതമായി പുറത്താക്കിയ നടപടികളും ഭരണരംഗത്തെ ഞെട്ടിച്ചിരുന്നു. പ്രമുഖരായ പല ഉദ്യോഗസ്ഥരും സ്ഥാനം ഒഴിയുകയും ചെയ്തു. അക്രമത്തിന്റെ ഉത്തരവാദിത്തം ട്രംപിനായതിനാല്‍ പുറത്താക്കണമെന്നും ഇംപീച്ച് ചെയ്യണമെന്നും ഭരണ രംഗത്തും സെനറ്റിലും ആവശ്യം ഉയരുന്നുണ്ട്.
Discussion about this post