ഗുരുവായൂർ: കമ്മ്യൂണിസ്റ്റ് ഭീകരവാദിയെക്കുറിച്ചുള്ള സന്ദേശത്തെ തുടർന്ന് ഗുരുവായൂരിൽ ബോംബ് ഭീഷണി. പാലക്കാട് കുഴൽമന്ദം സ്വദേശിയായ കമ്മ്യൂണിസ്റ്റ് ഭീകരവാദി നേതാവ് സുജാത ഗുരുവായൂരിലെത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് വന്ന ബോംബ് ഭീഷണിയെ ജാഗ്രതയോടെയാണ് പൊലീസ് കാണുന്നത്.
ക്ഷേത്രത്തിൻറെ ലാൻറ് ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ക്ഷേത്രത്തില്‍ ബോംബ് വെക്കും തടയാമെങ്കില്‍ തടഞ്ഞോളൂ’ എന്നായിരുന്നു ഭീഷണി. ഭീഷണിയെ തുടർന്ന് ക്ഷേത്രത്തിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദർശനത്തിനെത്തുന്ന ഭക്തരെ പ്രത്യേക പരിശോധനയ്ക്ക് ശേഷമാണ് ക്ഷേത്രത്തിലേക്ക് കടത്തിവിടുന്നത്.
ബോംബ് ഭീഷണിയെ തുടർന്ന് ലോഡ്ജുകളിലും ക്ഷേത്രപരിസരത്തെ ഫ്ലാറ്റുകളിലും പാർക്കിങ് ഗ്രൗണ്ടുകളിലും പൊലീസ് പരിശോധന നടത്തി. ക്ഷേത്രം സെക്യൂരിറ്റി ഓഫിസറെ അന്വേഷിച്ചായിരുന്നു ഫോൺകാൾ എത്തിയത്. ജീവനക്കാര്‍ ഉടന്‍ ടെമ്പിൾ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സി.ഐ സി. പ്രേമാനന്ദകൃഷ്ണൻറെ നേതൃത്വത്തില്‍ പോലീസ് സംഘം ക്ഷേത്രത്തിനകത്തും ദേവസ്വം ഓഫിസിലും പരിശോധന നടത്തി. രാത്രിയിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന തുടരുന്നത്.












