കോഴിക്കോട്: പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്. ഒഞ്ചിയത്തെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ എം ദയാനന്ദനാണ് പൊലീസിനെ പൊതുയോഗം വിളിച്ചു കൂട്ടി പരസ്യമായി ഭീഷണിപ്പെടുത്തിയത്. കാക്കിയഴിച്ചിട്ട് വന്നാൽ ചവിട്ടിക്കൂട്ടുമെന്നാണ് ദയാനന്ദൻ ഭീഷണിപ്പെടുത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുതുവർഷാഘോഷം സംഘടിപ്പിച്ച സിപിഎം പ്രവർത്തകരെ തടഞ്ഞതിനാണ് ചെമ്പോല സ്റ്റേഷനിലെ സിപിഓ വിശ്വനാഥനെതിരെ സിപിഎം നേതാവ് ഭീഷണി മുഴക്കിയത്.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വടകര ചോമ്പാല പൊലീസ് സ്റ്റേഷൻ പരിസരത്ത് വലിയ ആൾക്കൂട്ടത്തോടെ നടത്താൻ ശ്രമിച്ച പുതുവത്സര പരിപാടി പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് അറിയിച്ച പൊലീസിനെ വെല്ലുവിളിച്ച ഒരു പാർട്ടി പ്രവർത്തകനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പാർട്ടിക്കാർ ഇയാളെ രക്ഷപ്പെടുത്തി.
പിറ്റേദിവസം സിപിഎം പ്രവർത്തകനായ ഹേമന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെ തുടർന്നാണ് പൊലീസിനെതിരെ ഭീഷണി പ്രസംഗം ദയാനന്ദൻ നടത്തിയത്.












