മുംബയ്: മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, എം.എന്‍.എസ് നേതാവ് രാജ് താക്കറെ, കേന്ദ്രമന്ത്രി രാംദാസ് അത്താവ്‌ലെ എന്നിവരുള്‍പ്പെടെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. രണ്ട് ദിവസം മുമ്പ് നടന്ന സംസ്ഥാന സര്‍ക്കാരിന്റെ അവലോകന യോഗത്തിലാണ് തീരുമാനം.പ്രമുഖ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു.
പിന്നാലെ തന്റെ സുരക്ഷ വെട്ടിക്കുറയ്ക്കണമെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വി.ഐ.പികള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ ഇടയ്ക്കിടെ അവലോകനം ചെയ്യാറുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ‘ചില വി.ഐ.പികള്‍ക്ക് അവര്‍ ചുമതല വഹിക്കുന്ന സ്ഥാനങ്ങളുടെ പ്രത്യേകതമൂലം ഭീഷണി ഉണ്ടാവാറുണ്ട്. എന്നാല്‍ സ്ഥാനങ്ങള്‍ ഒഴിയുമ്പോള്‍ സ്വഭാവികമായും ഭീഷണിയും മാറുന്നു.’- സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന് ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം ഉള്‍പ്പെടെയുള്ളതാണ് ഇത്. ഇപ്പോഴിത് വൈ പ്ളസിലേക്ക് ചുരുക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ പരിരക്ഷ ഉണ്ടായിരിക്കില്ല. ഫഡ്നാവിസിന്റെ ഭാര്യയുടെയും മകളുടെയും സുരക്ഷ വൈ പ്ളസില്‍ നിന്ന് എക്സിലേക്ക് തരംതാഴ്ത്തി.
കൂടാതെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെയുടെ സുരക്ഷ വൈ പ്ളസ് ആക്കി കുറച്ചു. മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെയും മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെയും സുരക്ഷ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post