ശ്രീനഗര്‍: ജമ്മുകശ്മീരിലെ പി.ഡി.പി യുവജന വിഭാഗം അധ്യക്ഷനും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അനുയായിയുമായ വഹീദ് പരായെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് വഹീദിനെ വീണ്ടും അറസ്റ്റ് ചെയ്തത്. വിഘടനവാദ- തീവ്രവാദ ബന്ധമാരോപിച്ചാണ് അറസ്റ്റ്.
തീവ്രവാദ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ പരിധിയിലാണ് വഹീദിനെതിരെയുള്ള കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അറസ്റ്റിന് ശേഷം വഹീദിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ജനുവരി 18 വരെ ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ ശ്രീനഗറിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ ഭീകരവാദ ബന്ധമാരോപിച്ച് നവംബര്‍ 25 ന് ഇദ്ദേഹത്തെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നതാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബുവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
Discussion about this post