ഡല്‍ഹി: ലൈഫ് മിഷന് പദ്ധതിയില്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന് കോടതിക്ക് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാര്‍ വാദത്തിനേറ്റ വലിയ തിരിച്ചടിയാണ് തുടര്‍ അന്വേഷണ ഉത്തരവ്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുവെന്ന സിബിഐ വാദം അംഗീകരിച്ചു കൊണ്ടാണ് തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപക കുപ്രചാരണമാണ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും നടത്തിയത്. എന്നാല്‍ കോടതിക്ക് സത്യം ബോധ്യപ്പെട്ടിരിക്കുന്നു. അന്വേഷണത്തിലൂടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ വിജിലന്‍സ് അന്വേഷണമെന്ന പുകമറ സൃഷ്ടിച്ചത്. ലൈഫ് മിഷന് സി. ഇ. ഒ-ക്കെതിരെയുള്ള തുടര്‍ അന്വേഷണം സി.ബി. ഐ ആരംഭിക്കുന്നതോടെ ക്രമക്കേടില്‍ പങ്കുള്ള മറ്റു പ്രമുഖരുടെ വിവരങ്ങളും പുറത്ത് വരുമെന്നുറപ്പാണ്. തന്നിലേക്ക് അന്വേഷണം എത്തുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ലൈഫ് മിഷന് സിഇഒ-ക്കെതിരെയുള്ള അന്വേഷണം തടയാന്‍ ശ്രമിച്ചത്.
ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്നതടക്കം ബിജെപി ഉയര്‍ത്തിയ വാദങ്ങള്‍ പൂര്‍ണമായും സത്യമാണെന്ന് ഹൈക്കോടതി ജഡ്ജി പി സോമരാജന്റെ ഉത്തരവിലൂടെ വ്യക്തമാകുന്നുവെന്നും വി മുരളീധരന് വ്യക്തമാക്കി.
Discussion about this post