മുംബൈ: മഹാരാഷ്ട്രയിൽ വൻ കഞ്ചാവ് വേട്ട. മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാനെ ഇരുന്നൂറ് കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇന്നലെ അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. അൽപ്പസമയത്തിനകം ഇയാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞയാഴ്ച ബാന്ദ്ര വെസ്റ്റിൽ നടന്ന റെയ്ഡിൽ ഇരുന്നൂറ് കിലോഗ്രാം കഞ്ചാവ് എൻസിബി പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനൊടുവിലാണ് കേന്ദ്ര സംഘം സമീർ ഖാനെ സമർത്ഥമായി വലയിലാക്കിയത്. സമീറിന്റെ കൂട്ടുപ്രതിയായ കരൺ സജ്നാനിയുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു.
സജ്നാനിക്കൊപ്പം റാഹില, ഷായിസ്ത, രാംകുമാർ തിവാരി എന്നിവരെയും പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയുടെ മരുമകൻ പിടിയിലായത്.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാരിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാണ് എൻസിപി നേതാവായ നവാബ് മാലിക്.








