ന്യൂഡൽഹി : രാജ്യം കാത്തിരുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന് ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് തുടക്കം കുറിക്കും. രാവിലെ 10.30 നാണ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടനം. കൊവിന്‍ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റ് നടപടികള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അപ്ലിക്കേഷനാണ് കൊവിന്‍ ആപ്പ്. രണ്ടു വാക്സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിനായി ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. രണ്ടാം ഘട്ടത്തില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗ വ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവര്‍ക്കും നല്‍കും.
കുത്തിവയ്പ് എടുത്ത ശേഷം നേരിയ പനിയോ, ശരീര വേദനയോ ഉണ്ടായാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 30 ന് ആദ്യ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് 11 മാസവും 15 ദിവസവും പിന്നിടുമ്പോഴാണ് രാജ്യത്ത് പ്രതിരോധ വാക്സിന്‍ ജനങ്ങളിലേക്ക് എത്തുന്നത്.അതേസമയം കേരളത്തില്‍ ഇന്ന് 133 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് ആരംഭിക്കും. വാക്സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം വാക്സിനേഷന്‍ നടക്കുന്നത് എറണാകുളം ജില്ലയിലാണ്. ഒരാള്‍ക്ക് വാക്സിന്‍ നല്‍കാന്‍ നാലു മുതല്‍ അഞ്ചു മിനിറ്റുവരെ സമയമെടുക്കുമെന്നാണ് കണക്ക്.
ഇടതു കൈയ്യിലാണ് വാക്സിനേഷന്‍ എടുക്കുന്നത്. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിച്ചേക്കും. മന്ത്രി കെ.കെ.ശൈലജ കണ്ണൂര്‍ ജില്ലാ ആശുപത്രിയാണ് സന്ദര്‍ശിക്കുക. ഓരോ വാക്സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്നു മുറികളുണ്ടാകും. ഓരോ ആള്‍ക്കും 0.5 എംഎല്‍ കൊവിഷീല്‍ഡ് വാക്സിനാണ് കുത്തിവെപ്പിലൂടെ നല്‍കുന്നത്.
ആദ്യ ഡോസ് കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. ആദ്യദിനം ഒരു കേന്ദ്രത്തില്‍ നിന്നും രാവിലെ ഒന്‍പത് മണി മുതല്‍ അഞ്ചു വരെ നൂറു പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വാക്സിന്‍ എടുത്തുകഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം.
Discussion about this post