ആലപ്പുഴ : ആലപ്പുഴ ഇന്ന് സമ്പൂര്‍ണ മാലിന്യ വിമുക്ത നഗരിയാണ്. മുക്കിലും മൂലയിലും കുന്നുകൂടിയ മാലിന്യങ്ങളില്‍ നിന്നുള്ള നാറ്റം പതിറ്റാണ്ടുകളോളം സഹിച്ച ആലപ്പുഴ നഗരത്തില്‍ ഇന്ന് ഒരിടത്തും മാലിന്യങ്ങള്‍ കാണാനേയില്ല. തലസ്ഥാനമടക്കമുള്ള നഗരങ്ങള്‍ അതിരൂക്ഷമായ മാലിന്യപ്രശ്നം മൂക്കുപൊത്തി സഹിക്കുമ്പോള്‍ സമയബന്ധിതവും ശാസ്ത്രീയവുമായ സമീപനത്തിലൂടെയാണ് ആലപ്പുഴ ശ്രദ്ധേയമാകുന്നത്.
‘നിര്‍മ്മല നഗരം, നിര്‍മ്മല ഭവനം’ എന്ന പദ്ധതിയിലൂടെ 2013ല്‍ എം.എല്‍.എമാരായ തോമസ് ഐസക്കും ജി. സുധാകരനുമാണ് മാലിന്യമുക്ത യജ്ഞത്തിന് തുടക്കമിട്ടത്. 52 വാര്‍ഡുകളുള്ള നഗരസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട 12 വാര്‍ഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കി. 874 ബയോഗ്യാസ് പ്ലാന്റുകളും 1240 പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും സ്ഥാപിച്ചു. മാലിന്യങ്ങള്‍ നഗരത്തിലേക്കെത്താതെ ഉറവിടങ്ങളില്‍ സംസ്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി ബോധവത്കരണ പ്രവര്‍ത്തനവും നടത്തി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിനായിരുന്നു നടത്തിപ്പ് ചുമതല.
നഗരത്തിലെ 16 ഇടങ്ങളില്‍ ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കാന്‍ 116 എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചതും മാലിന്യം വലിച്ചെറിയാനുള്ള പ്രവണത ഇല്ലാതാക്കി. വര്‍ഷം 696 ടണ്‍ മാലിന്യം ഇവിടെ വളമാക്കി മാറ്റുന്നു. പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍ വഴി വര്‍ഷം 450 ടണ്‍ മാലിന്യമാണ് സംസ്കരിക്കുന്നത്. ഇനി രണ്ടായിരത്തോളം ബയോഗ്യാസ് പ്ളാന്റുകളും 1170 പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ. ആവശ്യക്കാര്‍ക്ക് സൗജന്യമായി വളം നല്‍കുന്നുണ്ട്.
13,500 രൂപ വിലയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ (1000 ലിറ്റര്‍) സര്‍വീസ് ചാര്‍ജടക്കം 4375 രൂപയ്ക്കും പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് 150 രൂപയ്ക്കുമാണ് സര്‍ക്കാര്‍ സബ്സിഡിയോടെ വിതരണം ചെയ്തത്.
തുടക്കത്തില്‍ മുഖംതിരിഞ്ഞുനിന്ന നഗരവാസികള്‍ കാര്യങ്ങള്‍ മനസിലാക്കിയപ്പോള്‍ നഗരത്തിലെ മാലിന്യക്കൂനകള്‍ അപ്രത്യക്ഷമായിത്തുടങ്ങി. പദ്ധതി മറ്റു വാര്‍ഡുകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോള്‍ ബയോഗ്യാസ് പ്ലാന്റുകളുടെ എണ്ണം 2140 ആയി. പ്രതിദിനം 8.52 ടണ്‍ ഖരമാലിന്യമാണ് ഇപ്രകാരം വീടുകളില്‍ത്തന്നെ സംസ്കരിക്കുന്നത്. പാചകത്തിന് ബയോഗ്യാസ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പ്രതിവര്‍ഷം 8,096 എല്‍.പി.ജി സിലിണ്ടറുകള്‍ ലാഭിക്കാന്‍ ആലപ്പുഴ നഗരവാസികള്‍ക്ക് കഴിയുന്നുണ്ട്. എല്‍.പി.ജിയുടെ വില കണക്കാക്കിയാല്‍ പ്രതിവര്ഷലാഭം 80.48 ലക്ഷം രൂപ. ഇതോടൊപ്പം 9.22 ലക്ഷം കിലോ വിറകും ലാഭിക്കുന്നു.
ഒന്നു മനസുവച്ചാല്‍ ആലപ്പുഴ മാതൃക സംസ്ഥാനത്തെ എല്ലാ നഗരങ്ങള്‍ക്കും നിഷ്പ്രയാസം സ്വീകരിക്കാം.
Discussion about this post