മാലൂർ (കണ്ണൂർ): കഴിഞ്ഞവർഷത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി നേടിയ കണ്ണൂർ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്ന രാജന് കോടീശ്വരനായിട്ടും ജീവിതത്തിൽ മാറ്റങ്ങളൊന്നുമില്ല.ഇപ്പോഴും പഴയ ടാപ്പിങ് ജോലി തുടരുന്നു. ലോട്ടറി അടിച്ച പണത്തിൽ ഒരു വിഹിതംകൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന ഓലമറച്ച മുത്തപ്പൻ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റുകയാണ്.
എല്ലാം ദൈവകൃപയല്ലേ എന്നാണ് രാജൻ പറയുന്നത്.ജപ്തി നോട്ടീസ് വരെയെത്തിയ വായ്പ തിരിച്ചടയ്ക്കാൻ മറ്റൊരു വായ്പക്കുള്ള ഓട്ടത്തിനിടെയാണ് കൂത്തുപറമ്പിലെ പയ്യൻ ലോട്ടറി ഏജൻസിയിൽനിന്ന് ടിക്കറ്റ് വാങ്ങിയത്.ജപ്തി നോട്ടീസിനൊപ്പം മടക്കി കീശയിലിട്ട ആ ടിക്കറ്റിനായിരിക്കും 12 കോടിയുടെ ഒന്നാംസമ്മാനം എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണ് രാജന്റെ കുടുംബം.
മൂത്ത മകൾ ആതിര വിവാഹിതയായി. മകൻ രിഗിൽ അച്ഛനെ ടാപ്പിങ് ജോലിയിൽ സഹായിക്കുന്നു. സ്ഥലങ്ങളെല്ലാം നോക്കി നടത്തുന്നു. ഇളയ മകൾ ബി.എ. ഇക്കണോമിക്സ് ഒന്നാംവർഷ വിദ്യാർഥിനിയാണ്. 12 കോടിയിൽ ഏഴുകോടിയും 56 ലക്ഷവും ആണ് നികുതിയൊക്കെ കഴിച്ച് രാജന് ലഭിച്ചത്. പുതുതായി ഒരു വീട് നിർമിച്ചുവരുന്നു. പുരളിമല കൈതച്ചാൽ നിത്യചൈതന്യ മുത്തപ്പൻ സ്ഥാനത്ത്, പണിയുന്ന ക്ഷേത്രത്തിന്റെ കട്ടിളവെപ്പ് കഴിഞ്ഞദിവസം നടന്നു.












