ഡൽഹി: അരുണാചൽ പ്രദേശിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് എൺപതുകളുടെ മദ്ധ്യത്തിലെന്ന് ബിജെപി നേതാവ്. കോൺഗ്രസ് ഭരണകാലത്താണ് ചൈന സുംദൊരോംഗ് ചു താഴ്വരയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അന്ന് ചൈനയുടെ നീക്കത്തിന് തടയിടാൻ അന്നത്തെ കരസേന മേധാവി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അതിന് അനുമതി നൽകിയിരുന്നില്ലെന്നും ബിജെപി എം പി താപിർ ഗാവൊ വ്യക്തമാക്കി.
അരുണാചൽ മേഖലയിൽ ചൈന നിർമ്മാണ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ചരിത്ര വസ്തുതകൾ നിരത്തി ബിജെപി നേതാവ് മറുപടി പറഞ്ഞത്. മക്മോഹൻ രേഖക്ക് അകത്തെയും പുറത്തെയും ചൈനീസ് നിർമ്മിതികൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പുതിയതായി ഒരു നിർമ്മിതിയും അവിടെ ചൈന നടത്തിയിട്ടില്ലെന്നും ഗാവൊ ചൂണ്ടിക്കാട്ടി.
രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് ചൈന ഇന്ത്യൻ അതിർത്തിക്ക് സമീപം ബിസായിലും മാസായിലും സൈനിക താവളങ്ങൾ പണിതത്. അന്ന് മേഖലയിൽ ഇന്ത്യ റോഡ് പണിതിരുന്നുവെങ്കിൽ ചൈനീസ് നീക്കം അപ്രസക്തമായേനെ. എന്നാൽ അന്നത്തെ കോൺഗ്രസ് സർക്കാർ അതിനെതിരെ കണ്ണടച്ചു. ഇതിന് കോൺഗ്രസാണ് ചരിത്രത്തോട് മറുപടി പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post