ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് താത്ക്കാലികമായി ബ്ലോക്ക് ചെയ്തതിന് രൂക്ഷ വിമര്‍ശനം നേരിട്ട് ട്വിറ്റര്‍ എക്സിക്യൂട്ടീവ്. വ്യാഴാഴ്ച പാര്‍ലമെന്ററി കമിറ്റിക്ക് മുന്നില്‍ ഹാജരായപ്പോഴാണ് ട്വിറ്റര്‍ പ്രതിനിധിയോട് തുടരെ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടത്. ആരാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരം തന്നത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
അമിത് ഷായുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സമയത്ത് അശ്രദ്ധമായ തെറ്റ് എന്നതാണ് ട്വിറ്റര്‍ കാരണമായി പറഞ്ഞിരുന്നത്. അമിത് ഷാ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലെ കോപ്പിറൈറ്റ് പ്രശ്നമാണ് അശ്രദ്ധമായ തെറ്റായി ട്വിറ്റര്‍ കാണിച്ചത്. ഈ ബ്ലോക്ക് ട്വിറ്റര്‍ ഉടന്‍ നീക്കുകയും ചെയ്തിരുന്നുവെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു.
അമേരിക്കയില്‍ ട്രംപിന്റെ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ട്വിറ്ററും ഫേസ്ബുക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിദ്വേഷപരമായ പ്രചരണങ്ങള്‍,വസ്തുതാ വിരുദ്ധമായ റിപ്പാര്‍ട്ടുകള്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുമായി ബന്ധപ്പെട്ട് നിയമം ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ എങ്ങിനെയാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുക എന്ന ചോദ്യവും പാര്‍ലമെന്ററി കമ്മിറ്റിയില്‍ ഉന്നയിക്കപ്പെട്ടു. അതേസമയം അമിത് ഷാ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയില്‍ കോപ്പി റൈറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നത് എന്നാണ് ട്വിറ്റര്‍ പ്രതിനിധികള്‍ പാര്‍ലമെന്റ് കമ്മിറ്റിക്ക് മുന്‍പില്‍ വിശദീകരണം നല്‍കിയത്. നവംബറിലാണ് അമിത് ഷായുടെ അക്കൗണ്ട് ട്വിറ്റര്‍ താത്ക്കാലികമായി ബ്ലോക്ക് ചെയ്തത്.
Discussion about this post