കൊൽക്കത്ത: സൈന്യത്തിനെതിരായ പരാമർശം നിർഭാഗ്യകരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.എസ്.എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിപ്പിക്കുന്നുവെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് വന്നത്. രാജ്യത്തിന്റെ ശക്തമായ സേനയാണ് ബിഎസ്എഫ് എന്നും അവരെ രാഷ്ട്രീയ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അധ്യക്ഷൻ സുനിൽ അറോറ ആവശ്യപ്പെട്ടു.
സൈന്യത്തിനെതിരെ ഒരു രാഷ്ട്രീയ പാർട്ടി ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർഭാഗ്യകരമാണ്. ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ ശരിയല്ല. വിഷയത്തിൽ തൃണമൂൽ കോൺഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഎസ്എഫ് അതിർത്തിയിലെ ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിക്കുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് തൃണമൂൽ രംഗത്തെത്തിയത്. തൃണമൂലിന്റെ ആരോപണങ്ങൾക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ശക്തമായ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. ആരോപണങ്ങൾ ബി എസ് എഫ് ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞിരുന്നു.
Discussion about this post