വാഷിംഗ്ടൺ: തായ്വാനെതിരെ ചൈന ചെലുത്തുന്ന സൈനിക സമ്മർദ്ദത്തിൽ ആശങ്കയറിയിച്ച് അമേരിക്ക. ഇത്തരം ശ്രമങ്ങൾ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും തിരിച്ചടിയാണെന്ന് അമേരിക്ക വിലയിരുത്തി.
തായ്വാനീസ് മേഖലയിലേക്ക് ചൈനീസ് യുദ്ധവിമാനങ്ങൾ കടന്നു കയറിയതായി വാർത്ത വന്നതിന് തൊട്ടു പിന്നാലെയാണ് അമേരിക്കൻ വക്താവ് നെഡ് പ്രൈസിന്റെ പ്രസ്താവന പുറത്തു വന്നത്. തായ്വാനെതിരായ സൈനികവും നയതന്ത്രപരവും സാമ്പത്തികവുമായ സമ്മർദ്ദങ്ങൾ അവസാനിപ്പിക്കാൻ പ്രസ്താവനയിലൂടെ അമേരിക്ക ചൈനയോട് ആവശ്യപ്പെടുന്നു.
ഇൻഡോ പസഫിക് മേഖലയിൽ സഖ്യകക്ഷികൾക്കൊപ്പം ഉറച്ച് നിൽക്കുമെന്നും അമേരിക്ക ചൈനയെ അറിയിച്ചു. ചൈനയുടെ നാല് യുദ്ധവിമാനങ്ങൾ തായ്വാനീസ് വ്യോമ മേഖലയിൽ കടന്നു കയറിയതായി തായ്വാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മേഖലയിൽ മിസൈലുകൾ വിന്യസിച്ചതായും തായ്വാൻ സർക്കാർ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അമേരിക്കയുടെ പ്രതികരണം.
തായ്വാൻ വിഷയത്തിൽ അമേരിക്കയുടെ അഭിപ്രായം മുഖവിലക്കെടുക്കില്ലെന്ന് നേരത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ ടൈംസ് വ്യക്തമാക്കിയിരുന്നു. സ്വയം പ്രതിരോധത്തിനായി പരിശ്രമിക്കുന്ന തായ്വാനെ എല്ലാ അർത്ഥത്തിലും സഹായിക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിരുന്നു.
Discussion about this post