ഡൽഹി: 100, 10, 5 രൂപയുടെ പഴയ നോട്ടുകൾ അടുത്ത മാസം മുതൽ പ്രചാരത്തിലില്ലെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ആ വാർത്ത സാധാരണക്കാർക്കിടയിൽ ഏറെ ചർച്ചായാകുന്നുണ്ട്. വാർത്ത അറിഞ്ഞതോടെ ആളുകൾ അവരുടെ വീടുകളിലെ പഴയ നോട്ടുകൾ കണ്ടെത്തി അത് ബാങ്കിൽ നിക്ഷേപിക്കാനോ ചെലവഴിക്കാനോ തുടങ്ങി.
എന്നാൽ ഇതിലെ സത്യാവസ്ഥയെന്താണ്? ചില മാധ്യമങ്ങൾ ചില പഴയ കറൻസി നോട്ടുകൾ (100, 10, 5 രൂപ) അടുത്ത മാസം മുതൽ നീക്കം ചെയ്തതായി റിപ്പോർട്ട് ചെയ്തതാണ് പ്രശ്നത്തിന് തുടക്കമായത്. എന്നാൽ ഇതിനെക്കുറിച്ച് വിഷമിക്കേണ്ട കാര്യമില്ല. കാരണം ഈ വാർത്തയിൽ ഒരു സത്യവുമില്ല.
100, 10, 5 രൂപയുടെ പഴയ നോട്ടുകളെല്ലാം പ്രചാരത്തിലുണ്ടാകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വ്യക്തമാക്കി. അവ വിനിമയത്തിൽ നിന്ന് നീക്കംചെയ്യാൻ നിലവിൽ പദ്ധതിയില്ല. മാർച്ച്, ഏപ്രിൽ മാസങ്ങൾക്കുശേഷവും 100, 10, 5 രൂപയുടെ പഴയ നോട്ടുകൾ പ്രചാരത്തിലുണ്ടാകുമെന്ന് റിസർവ് ബാങ്ക് വക്താവ് വ്യക്തമാക്കി.
ഈ പഴയ നോട്ടുകൾ നിരോധിക്കാൻ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന പഴയ 100 രൂപ നോട്ടുകൾ അടുത്ത മാസം പിൻവലിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് സാധാരണ നടപടിക്രമമാണ് ഇത് ചില മാധ്യമങ്ങൾ തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വികൃതമാക്കിയതോ കീറിയതോ ആയ നോട്ടുകൾ പിൻവലിക്കുന്ന പ്രക്രിയ ബാങ്കിന്റെ ഒരു സാധാരണ നടപടി ക്രമമാണ്. മോശം നോട്ടുകൾ ലഭിക്കുകയും അവ റിസർവ് ബാങ്കിലേക്ക് അയയ്ക്കുകയും ചെയ്യുന്നത് പതിവുള്ളതാണ്. റിസർവ് ബാങ്ക് ആ നോട്ടുകൾ പരിശോധിച്ച് പിന്നീട് നശിപ്പിക്കുകയും അവയുടെ സ്ഥാനത്ത് പുതിയ നോട്ടുകൾ നൽകുകയും ചെയ്യുന്നു. ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
Discussion about this post