തൃശൂർ: കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. ‘രാഷ്ട്രീയമായി കോൺഗ്രസിനെയും പ്രത്യയശാസ്ത്രപരമായി ഇടത് പക്ഷത്തെയും കീഴ്പ്പെടുത്തുകയാണ് സംസ്ഥാനത്ത് പാർട്ടി നയമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോൺഗ്രസ്സ് മുക്ത കേരളവും സാദ്ധ്യമാകണം. അതിന്റെ അർത്ഥം കമ്മ്യൂണിസ്റ്റ് അമുക്ത കേരളമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതും ഇടതുപക്ഷ രാഷ്ട്രീയം ഇല്ലാതാക്കുന്നതും മാത്രമാണ് കേരളത്തിലെ ബി.ജെ.പിയുടെ പ്രഥമ കർത്തവ്യമെന്ന് കരുതുന്നവർ ബി.ജെ.പിയുടെ അകത്തും പുറത്തുമുണ്ട്. പലപ്പോഴും സാഹചര്യങ്ങൾ ഈ നിലപാടിനെ ശരിവെക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ ബി.ജെ.പിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് അൽപ്പം അമാന്തുണ്ടായത്. എന്നാൽ കോൺഗ്രസ് മുക്ത കേരളം കോൺഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗം തന്നെയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റുകളെയും രാഷ്ട്രീയമായി ഒരുമിച്ച് കീഴ്പ്പെടുത്താൻ കഴിയണമെന്നില്ല. എന്നാൽ ഉഴുത് മറിക്കുമ്പോൾ വൻ മരങ്ങളെ കടപുഴക്കി എറിയാൻ കഴിയും. വടവൃക്ഷങ്ങൾ പിഴുതെറിയപ്പെടുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
പലപ്പോഴും ഇടത് വിരുദ്ധത കോൺഗ്രസ്സിന് അനുകൂലമായി ഭവിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇന്ന് അംഗീകാരത്തിന്റെ അവസ്ഥയിലാണ് കേരളത്തിലെ ബിജെപി. മൂന്നാം സ്ഥാനക്കാരന് ഒന്നാം സ്ഥാനത്ത് എത്താൻ രണ്ടാം സ്ഥാനക്കാരനെ തോൽപ്പിച്ചെ മതിയാകൂ. അതിന് തില്ലങ്കരി മോഡൽ മാത്രമല്ല ത്രിപുര മോഡലും പരീക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.











