അഹമ്മദാബാദ് : പട്ടേല്‍ സംവരണത്തിനായി വ്യത്യസ്തമായ സമരരീതികളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഗുജറാത്തിലെ പട്ടേല്‍ കൂട്ടായ്മ. ബി.ജെ.പി. നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ പട്ടേല്വനിതകള് അലങ്കോലപ്പെടുത്തുന്നതാണ് പുതിയ സമരമുറകളിലൊന്ന്. സ്റ്റീല്‍ പാത്രങ്ങളും ചപ്പാത്തിക്കോലുമായി എത്തി ശബ്ദകോലാഹലമുണ്ടാക്കുകയാണ് ഇവരുടെ രീതി.
നരേന്ദ്രമോദി, അമിത് ഷാ, ആനന്ദിബെന്‍ പട്ടേല്‍ എന്നിവരുടെ ജില്ലയായ മെഹ്സാനയാണ് ഈ സമരത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ കര്‍ഷകര്‍ക്ക് സഹായധനം വിതരണംചെയ്യുന്ന ചടങ്ങിനെത്തിയ ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് പുരുഷോത്തം രൂപാലയാണ് സമരമുറയുടെ ആഴമറിഞ്ഞത്.
രൂപാല പ്രസംഗം തുടങ്ങിയപ്പോള്‍ നൂറുകണക്കിന് പട്ടേല്‍ സ്ത്രീകള്‍ സദസില്‍നിന്ന് എഴുന്നേറ്റു. അവര്‍ കൈയിലുള്ള സ്റ്റീല്‍ പാത്രങ്ങളില്‍ ചപ്പാത്തിക്കോലു കൊണ്ട് തട്ടി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിത്തുടങ്ങി. ഇടയ്ക്ക് എല്ലാവരും ഒന്നിച്ച് തട്ടല്‍ നിര്‍ത്തും. എന്നിട്ട് ഹോയ്, ഹോയ് എന്ന് ശബ്ദമുണ്ടാക്കും.
നേതാവ് പ്രസംഗം തുടരാനോ പ്രതിഷേധക്കാരോട് എന്തെങ്കിലും പറയാനോ ഒരുങ്ങിയാല്‍ വീണ്ടും ഒന്നിച്ച് പാത്രം മുട്ടല്‍ തുടങ്ങും. സഹികെട്ട് രൂപാല സ്ഥലം വിട്ടു. പ്രക്ഷോഭരംഗത്തുള്ള ലാല്‍ജി പട്ടേലിന്റെ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പാണ് ഈ സമരം തുടങ്ങിയത്.
വെള്ളിയാഴ്ച ഈ പ്രതികരണത്തില്‍ കുടുങ്ങിയത് ആഭ്യന്തര സഹമന്ത്രിയായ രജനീകാന്ത് പട്ടേലാണ്. സ്ഥലം മെഹ്സാന തന്നെ. ഭൂരേഖ വിതരണച്ചടങ്ങായിരുന്നു രംഗം. പോലീസ് സമരക്കാരെ ഇത്തവണ അകത്ത് കടത്തിയില്ല. ആയിരത്തോളം വനിതകള്‍ പരിപാടിനടന്ന സ്കൂളിന് പുറത്തുനിന്ന് പാത്രംമുട്ടല് ആരംഭിച്ചു.
സ്കൂളിന്റെ പിന്വാതിലിലൂടെവന്ന് ചടങ്ങ് വേഗം തീര്‍ത്ത് അതുവഴിതന്നെ മന്ത്രി മടങ്ങി. ഇദ്ദേഹത്തെ കാണാനായി സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ വന്നെങ്കിലും അനുവാദം കിട്ടിയില്ല. പട്ടേല്‍ വിഭാഗക്കാരായ എം.എല്‍.എ.മാരെക്കണ്ട് റോസാപ്പൂ നല്കി പിന്തുണ തേടുകയാണ് ഹാര്‍ദിക്കിന്റെ ലക്ഷ്യം.
ആഗസ്ത് 25ന് പട്ടേല്‍ റാലിയിലെ പോലീസ് ലാത്തിച്ചാര്‍ജ് കലാപത്തില്‍ കലാശിച്ചതിനാല്‍ പാത്രം മുട്ടല്‍ സമരത്തോട് പോലീസ് പരമാവധി സഹിഷ്ണുത പുലര്‍ത്തുകയാണ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അന്ന് പട്ടേലുമാര്‍ രജനീകാന്ത് പട്ടേലിന്റെ മെഹ്സാനയിലെ വീടിന് തീയിട്ടിരുന്നു. സബര്‍ക്കാന്തയിലെ വഡാലയില്‍ ഒരു ഉദ്ഘാടനച്ചടങ്ങ് പട്ടേലുമാര്‍ ബഹിഷ്കരിച്ചതോടെ കാലിയായ കസേരകളാണ് സാമൂഹികക്ഷേമ മന്ത്രി രമണ്‍ലാല്‍ വോറയ്ക്ക് കാണാനായത്.
സമരം അമേരിക്കയിലേക്കും പടര്‍ത്തുമെന്നാണ് പട്ടേലുമാരുടെ ഭീഷണി. സപ്തംബര്‍ അവസാനം നരേന്ദ്രമോദി ന്യൂയോര്‍ക്കിലും സിലിക്കണ്‍വാലിയിലും എത്തുമ്പോള്‍ ബഹിഷ്കരണം, കരിങ്കൊടി പ്രകടനം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. മോദിയുടെ കഴിഞ്ഞ സന്ദര്‍ശനവും പൊതുസമ്മേളനവും വിജയിപ്പിക്കാന്‍ മുന്നില്‍ നിന്നവരാണ് യു.എസ്.എ.യിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഗുജറാത്തി പട്ടേലുമാര്‍.
ഗുജറാത്തിലാണെങ്കില്‍ ഈ ആഴ്ച എതിര് ദണ്ഡിമാര്‍ച്ച് നടത്താന്‍ പട്ടേല്‍ സംവരണ സമരസമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിനെതിരായ മാര്‍ച്ചുകള്‍ ഒ.ബി.സി. സമുദായക്കാരും പ്രഖ്യാപിച്ചു.
Discussion about this post