ഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട രേഖകള്‍ തടസ്സരഹിതമായി ലഭ്യമാക്കുന്നതിനായി ‘യൂണിയന് ബജറ്റ്’ എന്ന പുതിയ അപ്ലിക്കേഷന്‍ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ഈ ആപ്പ് വഴി എംപിമാര്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകള്‍ ഒരുപോലെ ലഭിക്കും. ഇത്തവണത്തെ ബജറ്റ് പൂര്‍ണമായും കടലാസ് രഹിതമായിരിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബജറ്റ് രേഖകള്‍ ആപ്പ് വഴി ലഭ്യമാക്കുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഒരു സര്‍ക്കാര്‍ സമ്പൂര്‍ണ കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. പ്രിന്റിങ് പ്രക്രിയയ്ക്കായി രണ്ടാഴ്ചയോളം നിരവധി പേര് പ്രസ്സില്‍ തന്നെ തുടരേണ്ടി വരുമെന്നതിനാലാണ് ഇത്തവണത്തെ ബജറ്റ് കടലാസ് രഹിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്നതു വരെ നൂറിലധികം ജീവനക്കാര്‍ നോര്‍ത്ത് ബ്ലോക്കിന്റെ ബേസ്മെന്റില്‍ തന്നെ തുടരും.
ഭരണഘടന നിര്‍ദ്ദേശിച്ചിട്ടുള്ള ബജറ്റ് എന്നറിയപ്പെടുന്ന വാര്‍ഷിക ധനകാര്യ പ്രസ്താവന, ഡിമാന്‍ഡ് ഫോര്‍ ഗ്രാന്റ്സ് (ഡിജി), ഫിനാന്‍സ് ബില്‍ എന്നിവയുള്‍പ്പെടെ 14 കേന്ദ്ര ബജറ്റ് രേഖകള്‍ ആപ്പില്‍ ലഭ്യമാക്കും. ഡൗണ്‍ലോഡിങ്, പ്രിന്റിഗ്, സെര്‍ച്ച്, സൂം ഇന്‍-ഔട്ട്, സ്ക്രോളിങ് എന്നീ ഫീച്ചറുകളും ആപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആപ്പ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. കേന്ദ്ര ബജറ്റ് വെബ് പോര്‍ട്ടലായ www.indiabudget.gov.in ല്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. സാമ്ബത്തിക കാര്യ വകുപ്പിന്റെ (ഡിഇഎ) മാര്‍ഗനിര്‍ദേശപ്രകാരം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം പൂര്‍ത്തിയായതിന് ശേഷം ബജറ്റ് രേഖകള്‍ മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.
Discussion about this post