തിരുവനന്തപുരം: സോളാർ കേസിൽ ഇരയുടെ പരാതിയില്‍ പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടേണ്ടി വരുമെന്ന് സിപിഐ. കേസിൽ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്നും സിപിഐ നേതാവ് സി.ദിവാകരന്‍ പറഞ്ഞു. ആരെ ശിക്ഷിക്കണം ആരെ രക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്നും സി. ദിവാകരന്‍ വ്യക്തമാക്കി.
അതേസമയം സോളാർ കേസ് ഇപ്പോൾ സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധഃപതിച്ചിരിക്കുകയാണെന്ന് ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോൺ പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു.
പാവാട ഒരു നല്ല സിനിമയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെയും ഇടത് മുന്നണിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് രംഗത്ത് വന്നു. സോളാര്‍ പീഡനക്കേസുകള്‍ സി.ബി.ഐ.ക്ക് വിട്ടത് തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് യൂത്ത് കോൺഗ്രസും ആരോപിച്ചു.












