ഡല്‍ഹി : അതിര്‍ത്തിയില്‍ സമാധാനം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാര്‍ത്താവിനിമയ ബന്ധം മെച്ചപ്പെടുത്താന്‍ അതിര്‍ത്തിരക്ഷാ സേനയുടെയും (ബിഎസ്എഫ്) പാക്കിസ്ഥാന് റേഞ്ചേഴ്സിന്റെയും ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. രണ്ടു ദിവസം നീണ്ട ചര്‍ച്ചകളുടെ വിശദാംശങ്ങളടങ്ങിയ രേഖയില്‍ രണ്ടു ഡിജിമാരും ഒപ്പുവച്ചു.
വെടിനിര്‍ത്തല്‍ ലംഘനവും നുഴഞ്ഞുകയറ്റവും ഉണ്ടായാല്‍ വിവരം ഉടന്‍ ഇ-മെയിലിലൂടെയും ഫോണിലൂടെയും കൈമാറും. ബിഎസ്എഫിന്റെയും പാക്ക് റേഞ്ചേഴ്സിന്റെയും ടീമുകള്‍ തമ്മില്‍ വോളിബോള്‍-ബാസ്കറ്റ് ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കും. സാംസ്കാരിക പരിപാടികള്‍ നടത്താനും തീരുമാനമുണ്ട്. പരസ്പര വിശ്വാസം വളര്‍ത്താനുള്ള നടപടികളായാണ് ഇവ നിര്‍ദേശിച്ചിട്ടുള്ളത്.
അതിര്‍ത്തിയിലെ വെടിവയ്പ്, ലഹരികടത്ത്, നുഴഞ്ഞുകയറ്റം, പ്രതിരോധ സംവിധാനങ്ങളുടെ നിര്‍മാണം തുടങ്ങിയ വിഷയങ്ങളും മനപ്പൂര്‍വമല്ലാതെ അതിര്‍ത്തി കടക്കുന്നവരെ തിരിച്ചയയ്ക്കാനുള്ള സംവിധാനവും ചര്‍ച്ച ചെയ്യപ്പെട്ടു.
ചര്‍ച്ചകളുടെ രേഖയെ ഇരുപക്ഷത്തെയും അതിര്‍ത്തിരക്ഷാ സേനകള്‍ സഹകരിക്കാനുള്ള രൂപരേഖയെന്നാണ് ബിഎസ്എഫ് പ്രസ്താവനയില്‍ വിശേഷിപ്പിച്ചത്. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ സ്ഥിരമായ ശ്രമമുണ്ടാവും. ഡിജിമാര്‍ അടുത്ത വര്‍ഷം പാക്കിസ്ഥാനില്‍ വീണ്ടും ചര്‍ച്ച നടത്തും.
Discussion about this post