ലോഗോ സ്ത്രീവിരുദ്ധമാണെന്ന ആരോപണത്തെ തുടർന്ന് മാറ്റം വരുത്താനൊരുങ്ങി ഓൺലൈൻ വസ്ത്ര വ്യാപാര പോർട്ടലായ മിന്ത്ര. സ്ത്രീകളെ ആക്ഷേപിക്കുന്നതാണ് മിന്ത്രയുടെ ലോഗോ എന്നാണ് പരാതി. സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കിൽ ഇത്തരത്തിൽ അപമാനകരമായ ലോഗോ ഉപയോഗിക്കുന്നതിനു മിന്ത്രയ്ക്കെതിരെ നടപടിയെടുക്കണമെന്നും കാട്ടി അവസ്ത ഫൗണ്ടേഷൻ പരാതി നൽകുകയായിരുന്നു.
മുംബൈ പൊലീസ് പരാതി സ്വീകരിച്ച പശ്ചാത്തലത്തിൽ ഒരുമാസത്തിനകം ലോഗോയിൽ മാറ്റം വരുത്താമെന്ന് മിന്ത്ര സമ്മതിച്ചതായാണ് വിവരം. പാക്കേജിലും പരസ്യത്തിലും വെബ്സൈറ്റിലുമടക്കം ലോഗോയിൽ മാറ്റം വരുത്തും.
കമ്പനിയുടെ പേരിന്റെ ആദ്യത്തെ അക്ഷരമായ M പ്രത്യേക നിറങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗോ. ഇത് നഗ്നമായ സ്ത്രീ ശരീരത്തിന്റെ ആഭാസകരമായ ചിത്രീകരണമാണ് എന്നാണ് പരാതി. ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര ഇന്ത്യയിൽ ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തെ മുൻനിര സ്ഥാപനമാണ്. സ്ഥാപനത്തിനെതിരെ പരാതി നൽകിയത് അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേൽ ആണ്.
Discussion about this post