കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം തൃണമൂലിൽ നിന്നും രാജി വെച്ച ഡയമണ്ട് ഹാർബർ എം എൽ എ ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നു.
തൃണമൂലിൽ നിന്നും നേരത്തെ ബിജെപിയിൽ എത്തിയ മുകുൾ റോയ്, സുവേന്ദു അധികാരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ദീപക് ഹൽദാർ ബിജെപിയിൽ ചേർന്നത്. താൻ രണ്ട് തവണ എം എൽ എ ആയ വ്യക്തിയാണ്. കഴിഞ്ഞ നാല് വർഷക്കാലമായി പ്രവർത്തന സ്വാതന്ത്ര്യം ഇല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാനാണ് താൻ രാജി വെച്ച് ബിജെപിയിൽ ചേരുന്നതെന്ന് ദീപക് ഹൽദാർ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസ് എം എൽ എമാരായ റജിബ് ബാനർജി, ബൈശാലി ഡാൽമിയ, പ്രബീർ ഘോഷാൽ, രതിൻ ചക്രവർത്തി, രുദ്രനീൽ ഘോഷ് തുടങ്ങിയവർ രാജി വെച്ചിരുന്നു.
നേതാക്കൾ ഒന്നൊന്നായി തൃണമൂൽ വിട്ട് പോകുമെന്നും ഒടുവിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ പാർട്ടിയും മമതയും മാത്രമാകുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൗറയിൽ വ്യക്തമാക്കിയിരുന്നു.










