ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്‌ക്കിടെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കുനേരെ കോൺഗ്രസ് നേതാക്കളുടെ കൈയേറ്റ ശ്രമം. എംപിയും ജില്ലയിലെ കോൺഗ്രസ് നേതാക്കളും തമ്മിലുള്ള പോരിന്റെ ഭാഗമായാണിത്. യാത്രയുടെ ഉദ്‌ഘാടന ദിവസം കാസർകോട് നായന്മാർമൂലയിലെ വീട്ടിലായിരുന്നു നേതാക്കൾക്ക് രാത്രി ഭക്ഷണം. ഇവിടെവച്ച് മണ്ഡലം പ്രസിഡന്റ് ഉമേശ് അണങ്കൂരിനെ എംപി അസഭ്യം പറഞ്ഞു.
കെപിസിസി നിർവാഹക സമിതി അംഗവും മറ്റ് നേതാക്കളും ഇതിനെ ചോദ്യംചെയ്‌തു. തുടർന്ന് വാക്ക്‌തർക്കവും തെറിവിളിയുമുണ്ടായി. ഇതിനിടെയാണ് ചിലർ എംപിയെ കൈയേറ്റംചെയ്യാൻ മുതിർന്നത്. കൈയാങ്കളിയിലെത്തുമെന്നായപ്പോൾ എംപി കാറിൽ രക്ഷപ്പെട്ടു.
കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉണ്ണിത്താൻ കെപിസിസിക്ക് പരാതി നൽകി. ഡിസിസിയെയും മറ്റ് നേതാക്കളെയും വകവയ്‌ക്കാതെയുള്ള ഉണ്ണിത്താന്റെ പ്രവർത്തനങ്ങൾക്കെതിരെ കാസർകോട് വലിയ അമർഷമുണ്ട്. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും എംപിയും രണ്ട് വഴിക്കാണ്. ഹക്കീമിനെ മാറ്റാനാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിന് പിന്നിൽ എംപിയാണെന്നും ആരോപണമുണ്ട്.












