നന്ദികേശന്‍
ഫുട്ബാള്‍ മത്സരങ്ങളില്‍ പലപ്പോഴും കാണാറുള്ള ഒരു കൊലച്ചതിയുണ്ട്.. ആദ്യവിസില്‍ തൊട്ട് കളം നിറഞ്ഞു കളിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന കളിക്കാരന്‍ ചിലപ്പോള്‍ അവസാനവിസിലിനു തൊട്ടുമുന്‍പ് തിരികെക്കയറും..!! പകരം ഇറങ്ങുന്ന കളിക്കാരന്‍ നേരെ വന്നു അവസാനമിനുട്ടില്‍ ഒരു ഗോളും തോണ്ടിയിട്ട് മത്സരവും പ്രശസ്തിയും ഒക്കെ സ്വന്തമാക്കും..!!
മൂന്നാറിലെ തണുപ്പില്‍ തോട്ടംതൊഴിലാളികള്‍ ഒരുക്കിയ കളിക്കളത്തിലെയ്ക്ക് സഖാവ് വി.എസ് ഇറങ്ങിച്ചെന്നത് അവസാനനിമിഷത്തിലെ വിജയഗോള്‍ സ്വന്തം പേരിലാക്കാനല്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റു പറയാനാകില്ല..!! സ്വന്തം പാര്‍ട്ടി എം.എല്‍.എ തൊഴിലാളികളുടെ ചെരുപ്പിനടിയും കൊണ്ട് ഓടി അപ്പുറത്ത് ചെന്ന് നിരാഹാരം കിടക്കുന്ന പന്തല്‍ സന്ദര്‍ശിക്കാതെ വി.എസ് നേരെ തൊഴിലാളികള്‍ക്കിടയിലേയ്ക്ക് തന്നെ കടന്നു ചെന്നതിനു ഒരേ ഒരര്‍ത്ഥമേയുള്ളൂ, ‘വിജയഗോള്‍ ഞാന്‍ തന്നെ അടിക്കും’..!! അതായത് അടുത്ത മന്ത്രിസഭയുണ്ടാക്കാനുള്ള യോഗം ഇടതുമുന്നണിയ്ക്ക് ആണെങ്കില്‍ മുഖ്യമന്ത്രിക്കസേരയില്‍ വേലിയ്ക്കകത്ത് ശങ്കരന്‍ മകന്‍ അച്ചുതാനന്ദന്‍ തന്നെ ഇരിക്കും…!!
നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടി ആറേഴു മാസം മാത്രം അവശേഷിക്കേ മൂന്നാറില്‍ പെയ്തിറങ്ങിയ ഈ സമരമഴയില്‍ നനയണോ അതോ കുടപിടിക്കണോ എന്ന അങ്കലാപ്പിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം..!! ഒരൊറ്റ രാഷ്ട്രീയ കക്ഷികളെയും ഏഴയലത്ത് അടുപ്പിക്കാതെ പണിയെടുക്കുന്നവര്‍ മാത്രം പങ്കെടുക്കുന്ന ഈ തൊഴിലാളിസമരത്തെ കണ്ടില്ല എന്ന് നടിച്ചോ എതിര്‍ത്തോ മുന്നോട്ടു പോകുന്നത് ബുദ്ധിയല്ല എന്ന് ചിന്തിക്കാനുള്ള കഴിവൊക്കെ ഇപ്പോള്‍ നേതൃത്വത്തിനുണ്ട്. അതിനുവേണ്ടിയാണ് ദേവികുളം എം.എല്‍.എ രാജേന്ദ്രന്‍ സഖാവിനെ സമരക്കാര്‍ക്ക് ഇടയിലേയ്ക്ക് പറഞ്ഞുവിട്ടത്..!! പക്ഷെ അത്യാഹിതത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സഖാവ്, വീണത് വിദ്യ എന്ന പാര്‍ട്ടി നയം സ്വീകരിച്ച് നിരാഹാരം കിടന്നു..!! പുരുഷ എം.എല്‍.എ തോറ്റ കളം പിടിക്കാന്‍ വന്ന വനിതാ എം.പിയുടെ അനുഭവവും മറ്റൊന്നായിരുന്നില്ല..!! സംസ്ഥാനസെക്രട്ടറി വരെ വന്നു ‘പാര്‍ട്ടി നിങ്ങള്‍ക്കൊപ്പമുണ്ട്’ എന്ന് വിളിച്ചു കൂവിയിട്ടും ആവേശകരമായ ഒരു മുദ്രാവാക്യം പോലും വിളിക്കാതെ സമരക്കാര്‍ കേട്ടു നിന്നു..!! ആ കളത്തിലേയ്ക്കാണ് ‘മൂന്നാറിന്‍ മക്കളേ, വണക്കം’ എന്ന് പറഞ്ഞു അവസാനനിമിഷ ഗോള്‍ അടിക്കാന്‍ വി.എസ് ഇറങ്ങിയത്…!! വി.എസ് നേരിട്ട് വന്നതോടെ ഗത്യന്തരമില്ലാതായ സര്‍ക്കാര്‍ ഉടനെ ചര്‍ച്ചയും തീരുമാനിച്ചു..!! അങ്ങനെ ഒരൊറ്റ രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും പിന്തുണ തേടാതെ, വീട്ടമ്മമാര്‍ നേതൃത്വം നല്‍കിയ സമരം പരിപൂര്‍ണമായി വിജയിച്ചപ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ഒരു തൊഴിലാളിപ്രസ്ഥാനത്തിനും സാധിച്ചില്ല..!!
കേരളത്തിലെ രാഷ്ട്രീയചരിത്രമനുസരിച്ച് ഇനിയുള്ള അഞ്ചു വര്‍ഷം ഇടതുമുന്നണിയുടെ ഭരണവര്‍ഷങ്ങളാണ്.. നിലവിലെ കാലാവസ്ഥയും ഏറെക്കുറെ ഇടതുമുന്നണിയ്ക്ക് അനുകൂലം തന്നെ…!! പക്ഷെ എങ്കിലും പഴയത് പോലെ പൂര്‍ണമായും ഉറപ്പു പറയാവുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്..!! ജനങ്ങളെ വെറുപ്പിക്കുന്നതില്‍ കടുത്ത മത്സരമാണ് ഐക്യമുന്നണി സര്‍ക്കാരിലെ മന്ത്രിമാരും ഘടകകക്ഷി നേതാക്കളും നടത്തുന്നത് എങ്കിലും തങ്ങളുടേതായ കഴിവുകള്‍ ഉപയോഗിച്ച് പ്രതിപക്ഷവും ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. അരുവിക്കരയും രാഷ്ട്രീയകൊലപാതകങ്ങളും സമ്മാനിച്ച ചീത്തപ്പേര് വലിയൊരളവുവരെ മായ്ക്കാന്‍ തോമസ് ഐസക്കിന്റെ ജൈവപച്ചക്കറികൃഷിയ്ക്ക് സാധിച്ചു എങ്കിലും ശ്രീകൃഷ്ണജയന്തിയിലെ ഓണാഘോഷവും തുടര്‍ന്ന് സംഭവിച്ച ഗുരുനിന്ദാ വിവാദവും എല്ലാം ഇടതുമുന്നണിയെ വളരെയധികം പുറകോട്ടടിപ്പിച്ച സംഭവങ്ങളാണ്..ഇതില്‍ നിന്നും വല്ലവിധവും കരകയറാന്‍ കൈകാലിട്ടടിച്ച് ശ്രമിക്കുമ്പോഴാണ് ഇടുക്കിയില്‍ മുല്ലപ്പെരിയാറിനെക്കാള്‍ അപകടം നിറഞ്ഞ സമരവീര്യം അണകെട്ടിയത്..!! തൊഴിലാളിപ്രേമം പറഞ്ഞു നേതാക്കളായവര്‍ കാലാകാലങ്ങളായി നടത്തി വന്ന വഞ്ചനയില്‍ മനം മടുത്ത വനിതാ തൊഴിലാളികള്‍ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഇടുക്കിയിലെ ഇടതുവലതു പാര്‍ട്ടികളും നേതാക്കളും ഒരുപോലെ വിയര്‍ത്തുകുളിച്ചു..!!
ഇതരനേതാക്കളെ അടിച്ചോടിച്ച തൊഴിലാളികള്‍ക്കിടയില്‍ വി.എസ് ചെന്ന് കയ്യടി വാങ്ങുന്നത് കാണുമ്പോള്‍ ക്രമം തെറ്റി മിടിക്കുന്നത് കോണ്‍ഗ്രസ്സുകാരുടെയോ ബി.ജെ.പിക്കാരുടെയോ ഇടനെഞ്ചല്ല..!! വി.എസ്സിന് കൊറിയന്‍ മാതൃകയില്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റ് വിധിച്ച് അടുത്ത ടേമില്‍ മുഖ്യമന്ത്രിക്കസേരയില്‍ അമര്‍ന്നിരിക്കാം എന്ന് സ്വപ്നം കണ്ടു മേവുന്ന ചിലരുടെ സുഖനിദ്രയ്ക്കാണ് വി.എസ്സിന്റെ പ്രവേശം ഭംഗം വരുത്തിയിരിക്കുന്നത്..!! ജനകീയരെന്നു പാര്‍ട്ടി കൊട്ടി്‌ഘോഷിച്ചു കൊണ്ടുനടക്കുന്നവര്‍ക്കൊന്നും ഈ പറഞ്ഞ ജനകീയതയില്ല എന്നും അങ്ങനെ ഒരു ജനകീയത നിലവിലെ നേതൃനിരയില്‍ ആര്‍ക്കെങ്കിലും അവകാശപ്പെടാം എങ്കില്‍ അത് പാര്‍ട്ടി വിരുദ്ധന്‍ എന്ന് സംസ്ഥാനസമ്മേളനം വിലയിരുത്തിയ തനിക്ക് മാത്രമാണ് എന്നും പറയാതെ പറയുകയാണ് ഈ മൂന്നാര്‍ ദൗത്യത്തിലൂടെ വിഎസ് ചെയ്തിരിക്കുന്നത്..!! പാര്‍ട്ടി സെക്രട്ടറി പരിവാരസമേതം ചെന്നിട്ടും വരുതിയിലാക്കാന്‍ കഴിയാതിരുന്ന തോട്ടംതൊഴിലാളികളെ ഒരൊറ്റ അഭിസംബോധന കൊണ്ട് വി.എസ് കയ്യിലെടുത്തു എങ്കില്‍ അതിന്റെ സന്ദേശം ഉള്‍ക്കൊള്ളേണ്ടത് പാര്‍ട്ടി സംസ്ഥാനകേന്ദ്ര നേതൃത്വങ്ങള്‍ തന്നെയാണ്..!! കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ വി.എസ്സിനെ ഒഴിവാക്കി നിയമസഭാതെരഞ്ഞെടുപ്പ് നേരിടാനുള്ള ശ്രമം പോലും ഇക്കുറി പാര്‍ട്ടിയുടെയും മുന്നണിയുടെയും ജയസാധ്യത കുറയ്ക്കും..!! ഭരണവികാരത്തിനെതിരെയുള്ള വോട്ടു സ്വീകരിക്കാന്‍ ഇക്കുറി ഇടതുമുന്നണി മാത്രമല്ല; ബി.ജെ.പിയും ശക്തമായിത്തന്നെ രംഗത്തുണ്ടാവും എന്ന വസ്തുത ഇടതുനേതാക്കളെ വിഷമിപ്പിച്ചുകൊണ്ടേയിരിക്കും..!!
എന്തായാലും വി.എസ് അച്ചുതാനന്ദന്‍ എന്ന സ്ഥാനമോഹം തീരെയില്ലാത്ത നേതാവിന് നിനച്ചിരിക്കാതെ വീണുകിട്ടിയ ഒരു അവസരമാണ് മൂന്നാര്‍ സമരം.. തൊഴിലാളിവര്‍ഗ്ഗം എന്ന പാര്‍ട്ടിയുടെ അടിസ്ഥാനഘടകം തന്നെ പാര്‍ട്ടിനേതാക്കളെയും പാര്‍ട്ടി ജനപ്രതിനിധികളെയും അതുവഴി പാര്‍ട്ടിയെത്തന്നെയും തള്ളിപ്പറയുന്ന ഘട്ടത്തില്‍, പാര്‍ട്ടിവിരുദ്ധന്‍ എന്ന അധിക്ഷേപം പലകുറി കേള്‍ക്കേണ്ടിവന്നിട്ടുള്ള വി.എസ്സിലൂടെത്തന്നെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പാര്‍ട്ടിയുടെ ശ്രമം, സി.പി.എമ്മിന്റെ ചരിത്രത്തിലെ വലിയ ഒരു വൈരുദ്ധ്യമായി നിലനില്‍ക്കും..!! സ്ഥലം എം.എല്‍.എ നിരാഹാരം കിടക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക സമരവേദിയിലെയ്ക്ക് അബദ്ധത്തില്‍പ്പോലും തിരിഞ്ഞു നോക്കാതെ നേരെ തൊഴിലാളികളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന വി.എസ്സിന്റെ തന്ത്രം മനസ്സിലാകാത്തവരൊന്നുമല്ല നേതൃത്വത്തില്‍ ഇരിക്കുന്നത്..!! പക്ഷെ ഇതിനെ നേരിടാനുള്ള വഹയൊന്നും തല്‍ക്കാലം ഇവരുടെ കയ്യിലില്ല..!! ഈ സമരം തീരുമ്പോള്‍ വിജയികളുടെ ലിസ്റ്റില്‍ വി.എസ്സും തോറ്റമ്പിയവരുടെ ഒപ്പം പാര്‍ട്ടിയും നില്‍ക്കുന്ന അപൂര്‍വമായ കാഴ്ചയും രാഷ്ട്രീയ കേരളം കണ്ടു..!! അങ്ങനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന പാര്‍ട്ടിയ്ക്ക് നേതാവായി എടുത്തുവയ്ക്കാന്‍ ഒരാള്‍ മാത്രമെയുണ്ടാകൂ..!! അധികാരമോഹം തീരെയില്ലാത്ത, സമയം കിട്ടുമ്പോഴൊക്കെ പാര്‍ട്ടിയ്ക്ക് കീഴ്‌പ്പെടുന്ന, സഖാവ് വി.എസ്..!!! വി.എസ് എന്ന സാഗരത്തില്‍ നിന്നും വേര്‍പെട്ടാല്‍ ഒരു അല പോലും ഉണ്ടാക്കാന്‍ സാധിക്കാത്ത ബക്കറ്റിലെ വെള്ളമായി പാര്‍ട്ടി മാറുന്നു എന്ന വസ്തുത അല്‍പം ബുദ്ധിമുട്ടിയെങ്കിലും അംഗീകരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറെടുക്കേണ്ടിവരും..!! മുഖ്യമന്ത്രിക്കുപ്പായം തയ്ക്കാന്‍ അളവ് കൊടുത്തവരൊക്കെ തല്‍ക്കാലം ആ തുണി തലയിലിട്ടു തന്നെ നടക്കണം..!! അതാണ് ബുദ്ധി, അതാണ് വിധിയും…!!
Discussion about this post